X

ഐ.എസ്.എല്‍-6; ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാവും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാവും. ഒക്ടോബര്‍ 20ന് നടക്കുന്ന മത്സരത്തില്‍ എ.ടി.കെയാണ് എതിരാളികള്‍. വൈകിട്ട് 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിലും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയായിരുന്നു വേദി. ഇത്തവണ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയൊരുക്കുമെന്ന് ചന്ദ്രിക നേരത്തെ റിപ്പോര്‍ട്ട്് ചെയ്തിരുന്നു. 2017ലും കൊച്ചി ഉദ്ഘാടന മത്സരത്തിന് വേദിയൊരുക്കിയിരുന്നു. മൂന്നാം സീസണില്‍ ഫൈനലിന് വേദിയൊരുക്കിയതും കൊച്ചി തന്നെ. 2020 ഫെബ്രുവരി 23 വരെ നീളുന്ന സീസണില്‍ പ്രാഥമിക തലത്തില്‍ ആകെ 90 മത്സരങ്ങളുണ്ടാവും. വാരാന്ത്യങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്ന കഴിഞ്ഞ തവണത്തെ രീതി ഇത്തവണ മാറ്റി. മിക്ക ദിവസങ്ങളിലും തുടര്‍ച്ചയായി മത്സരമുണ്ട്. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തീയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ കളിച്ച പത്ത് ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. എഫ്.സി പൂനെ സിറ്റി പേര് മാറ്റി കളത്തിലിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക ഫിക്‌സ്ചറില്‍ ആ മാറ്റമില്ല.

മികച്ച തയ്യാറെടുപ്പുകളാണ് പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. അടിമുടി മാറ്റത്തോടെ ഇറങ്ങുന്ന ടീം യു.എ.ഇയിലാണ് പ്രീസീസണ്‍ ടൂര്‍ നടത്തുന്നത്. ഇതിന് മുന്നോടിയായി ഈ മാസം 25ന് ടീം കൊച്ചിയില്‍ ഒത്തുചേരും. ഇതിന് ശേഷമായിരിക്കും യു.എ.ഇയിലേക്ക് പുറപ്പെടുക. നോര്‍ത്ത് ഈസ്റ്റ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. നെലോ വിന്‍ഗാദക്ക് പകരമായാണ് ഷറ്റോരിയുടെ നിയമനം. അസി.കോച്ചായിരുന്ന തോങ്‌ബോയ് സിങ്‌തോയെയും ടീം മാറ്റി. സി.ഇ.ഒ സ്ഥാനത്തും മാറ്റം വന്നു. സ്പാനിഷ് താരങ്ങളായ മരിയോ ആര്‍ക്വസ്, സെര്‍ജിയോ സിഡോഞ്ഞ, നൈജീരിയയുടെ ബെര്‍ത്തലോ ഒഗ്‌ബെച്ചെ, ഡച്ച് താരം ജിയാനി സുയിവര്‍ലൂണ്‍, സെനഗല്‍ മിഡ്ഫീല്‍ഡര്‍ മുസ്തഫ ഗിനിങ്, ബ്രസീല്‍ ഡിഫന്‍ഡര്‍ ജെറോ റോഡിഗ്രസ് എന്നിവര്‍ക്കൊപ്പം നിരവധി ഇന്ത്യന്‍ താരങ്ങളെയും ക്ലബ്ബ് ഇത്തവണ പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്.

chandrika: