X
    Categories: MoreViews

ഐ.എസ്.എല്‍ പ്ലയര്‍ ഡ്രാഫ്റ്റ്; അറിയേണ്ടതെല്ലാം

അഷ്റഫ് തൈവളപ്പ്

കൊച്ചി: രാജ്യത്തെ ഫുട്ബോള്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പുതിയ വഴിത്തിരിവിലാണ്. രണ്ടു പുതിയ ടീമുകളുടെ വരവോടെ അടിമുടി മാറ്റത്തിനൊരുങ്ങുന്ന ലീഗിന്റെ നാലാം പതിപ്പിനായുള്ള പ്ലയര്‍ ഡ്രാഫ്റ്റ് (താരങ്ങളുടെ തെരഞ്ഞെടുപ്പ്) നാളെ മുംബൈയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കും. രാവിലെ 9.30ന് പ്ലയര്‍ ഡ്രാഫ്റ്റ് തുടങ്ങും.

ആകെ 15 റൗണ്ടുകളിലായി നടക്കുന്ന ഡ്രാഫ്റ്റില്‍ പങ്കെടുക്കുന്നത് 205 താരങ്ങള്‍, താരങ്ങളെ റാഞ്ചാന്‍ പത്തു ടീമുകള്‍. വൈകിട്ട് നാലോടെ ഓരോ ടീമിലും ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ പൂര്‍ണ പട്ടിക അറിയാം. രണ്ട് അണ്ടര്‍-21 താരങ്ങള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 15 ഇന്ത്യന്‍ താരങ്ങളെങ്കിലും ഓരോ ടീമിലും ഉണ്ടായിരിക്കണം. 18 ഇന്ത്യന്‍ താരങ്ങളെ വരെ പരമാവധി ഒരു ടീമിന് തെരഞ്ഞെടുക്കാം. ഒരു വിദേശ താരമടക്കം മൂന്നു ഗോള്‍ കീപ്പര്‍മാരും ഓരോ ടീമിലും നിര്‍ബന്ധമായും വേണം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു ടീമില്‍ പ്ലേയിങ് ഇലവനില്‍ അഞ്ചു വിദേശ താരങ്ങളെയേ ഉള്‍പ്പെടുത്താന്‍ പറ്റൂ. ഒരു സ്‌ക്വാഡില്‍ കുറഞ്ഞത് ഏഴു വിദേശ താരങ്ങള്‍, കൂടിയാല്‍ എട്ടു വിദേശ താരങ്ങള്‍ വരെയാവാം. അതുകൊണ്ടു തന്നെ 25 അംഗങ്ങളുള്ള സ്‌ക്വാഡില്‍ 18 ഇന്ത്യന്‍ താരങ്ങളെ വരെ ഇത്തവണ ഒരു ടീമിന് സ്വന്തമാക്കാം. ശരാശരി കണക്കെടുത്താല്‍ പത്തു ടീമുകളിലായി ചുരുങ്ങിയത് 150ന് മുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഡ്രാഫ്റ്റ് വഴി ഐഎസ്എല്‍ ക്ലബുകളുടെ ഭാഗമാകും. കഴിഞ്ഞ വര്‍ഷം 120 ഓളം ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഐഎസ്എലില്‍ അവസരം ലഭിച്ചത്.

അനസും ലിങ്ദോയും കോടിപതികള്‍
കഴിഞ്ഞ സീസണുകളില്‍ ഡല്‍ഹിക്കായി ബൂട്ടുകെട്ടിയ മലയാളി താരം അനസ് എടത്തൊടികയും യൂജെന്‍സണ്‍ ലിങ്ദോയുമാണ് ഡ്രാഫ്റ്റിലെ കോടിപതികള്‍. ഇരുവര്‍ക്കും നിശ്ചയിച്ചിരിക്കുന്ന തുക 1.10 കോടി രൂപ. അനസിനെ കൂടാതെ മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരടക്കം 11 മലയാളി താരങ്ങള്‍ കൂടി ഡ്രാഫ്റ്റിലുണ്ട്. ആകെയുള്ള 205 താരങ്ങളില്‍ 81 പേരും പ്രതിരോധ താരങ്ങളാണ്. 67 മധ്യനിര താരങ്ങള്‍, 26 സ്ട്രൈക്കര്‍മാര്‍, 31 ഗോള്‍കീപ്പര്‍മാര്‍.
ലീഗിന്റെ ആദ്യസീസണില്‍ താരലേലം നടന്നിരുന്നുവെങ്കിലും പുതിയ രണ്ടു ക്ലബുകളെ ഉള്‍പ്പെടുത്തി ഐഎസ്എല്‍ വിപുലീകരിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ പ്ലയര്‍ ഡ്രാഫ്റ്റിനും ടീമുകളുടെ ഉടച്ചുവാര്‍ക്കലിനും വഴിയൊരുക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യാസമായി ഐഎസ്എലിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതിനാല്‍ രണ്ട് ലീഗുകളില്‍ (ഐ ലീഗ്, ഐ.എസ്.എല്‍)ഏതെങ്കിലും ഒരു ലീഗില്‍ മാത്രമേ ഇത്തവണ താരങ്ങള്‍ക്ക് ബൂട്ടുകെട്ടാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം വരെ വായ്പാ അടിസ്ഥാനത്തില്‍ രണ്ടു ലീഗുകളിലും താരങ്ങള്‍ക്ക് കളിക്കാമായിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഉറപ്പു വരുത്തിയാണ് 205 താരങ്ങള്‍ ഐ.എസ്.എലുമായി കരാറായത്. ഡ്രാഫ്റ്റില്‍ ക്ലബുകള്‍ ലഭിക്കാത്തവര്‍ക്ക് പിന്നീട് ഓപ്പണ്‍ ട്രാന്‍സ്ഫര്‍ വഴി ഐ ലീഗ് ക്ലബുകളിലേക്ക് എത്താനുള്ള അവസരവുമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ലേലമുള്ളത്. വിദേശ താരങ്ങളെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങണം.

ഗോള്‍ കീപ്പേഴ്സിന് കോളടിക്കും !
നാളെ നടക്കുന്ന പ്ലയര്‍ ഡ്രാഫ്റ്റ്സില്‍ കോളടിക്കുന്നത് ആര്‍ക്കായിരിക്കും, ഒരു സംശയവും വേണ്ട ഗോള്‍കീപ്പര്‍മാരായ താരങ്ങള്‍ക്ക് തന്നെയായിരിക്കും. 32 ഗോള്‍കീപ്പര്‍മാരാണ് ഡ്രാഫ്റ്റ് ലിസ്റ്റിലുള്ളത്. ഇത്തവണ പ്ലയിങ് ഇലവനില്‍ കളിക്കേണ്ട വിദേശ താരങ്ങളുടെ എണ്ണം ആറില്‍ നിന്ന് അഞ്ചായി കുറച്ചതിനാല്‍ മിക്ക ടീമുകളും ഇന്ത്യന്‍ താരങ്ങളെയാണ് ഗോള്‍ കീപ്പര്‍മാരായി തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരെയാണ് നോട്ടമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സും ടാറ്റ ജംഷഡ്പൂര്‍ എഫ്.സിയും ഡല്‍ഹിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ അവഗണിക്കപ്പെട്ട ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് ഇത്തവണ സുവര്‍ണാവസരമാണ് ഐ.എസ്.എല്‍ തുറന്നിടുന്നത്. 25 അംഗ ടീമില്‍ മൂന്നു ഗോള്‍ കീപ്പര്‍മാര്‍ നിര്‍ബന്ധമായും വേണം, ഇതില്‍ ഒരാള്‍ വിദേശ താരമായിരിക്കണം. പത്തു ടീമുകളില്‍ ആറു ടീമുകളും ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതുവരെ ഒരു താരത്തെയും എടുക്കാത്ത ടാറ്റയും ഡല്‍ഹിയും ആദ്യ റൗണ്ടുകളില്‍ തന്നെ ഗോള്‍കീപ്പേഴ്സിനെ തെരഞ്ഞെടുക്കാനാണ് സാധ്യത. സുബ്രതാ പോളും ആല്‍ബിനോ ഗോമസുമാണ് ഗോള്‍കീപ്പര്‍മാരിലെ ഏറ്റവും വില കൂടിയ താരങ്ങള്‍.

പ്ലയര്‍ ഡ്രാഫ്റ്റ് എങ്ങനെ
താരലേലം പോലെയല്ല പ്ലയര്‍ ഡ്രാഫ്റ്റ്. ലേലം വിളി സംവിധാനം ഡ്രാഫ്റ്റ് സിസ്റ്റത്തില്‍ ഇല്ല. താരങ്ങളെ അവരുടെ മൂല്യമനുസരിച്ച് പൂള്‍ ആക്കി തിരിച്ച് ഒരു നിശ്ചിത വില ഒരോ പൂളിലെയും താരങ്ങള്‍ക്ക് നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. ഓരോ ഡ്രാഫ്റ്റ് റൗണ്ട് വരുമ്പോഴും ഒരോ ടീമുകള്‍ ആ നിശ്ചിത വിലക്ക് അവര്‍ക്ക് വേണ്ട താരത്തെ സ്വന്തമാക്കുകയാണ് ചെയ്യുക. താരവും ഐ.എസ്.എല്‍ അധികൃതരും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച തുകയായതിനാല്‍ ഇതില്‍ മാറ്റം വരില്ല. പത്തു ടീമുകളില്‍ പുതിയ ക്ലബായ ടാറ്റക്കൊഴികെ ബാക്കി മുഴുവന്‍ ടീമുകള്‍ക്കും രണ്ടു സീനിയര്‍ താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം ഐഎസ്എല്‍ നല്‍കിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ മൂന്ന് അണ്ടര്‍-21 താരങ്ങളേയും ക്ലബുകള്‍ക്ക് നിലനിര്‍ത്താമായിരുന്നു. ഡല്‍ഹി ഒഴിച്ചുള്ള മറ്റു ടീമുകളെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തി. രണ്ട് സീനിയര്‍ താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ആദ്യ രണ്ട് റൗണ്ട് ഡ്രാഫ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല. അണ്ടര്‍ 21 താരങ്ങളായി നിലനിര്‍ത്തിയ താരങ്ങള്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചിട്ടുണ്ടെങ്കില്‍ ഡ്രാഫ്റ്റില്‍ മറ്റൊരു റൗണ്ടും ടീമിന് നഷ്ടമാകും.

ആദ്യ അവസരം ടാറ്റക്ക്
ആകെ 15 റൗണ്ടുകളാണ് ഡ്രാഫ്റ്റിലുള്ളത്. ആദ്യ രണ്ടു റൗണ്ടുകളില്‍ ടാറ്റയും ഡല്‍ഹിയും പൂനെയും ഉണ്ടാകുമെങ്കിലും പുതിയ ടീം എന്ന പരിഗണന വച്ച് ആ രണ്ടു റൗണ്ടുകളിലേയും ആദ്യ താര വിളി ടാറ്റ ടീമിനാണ് ലഭിക്കുക. തുടര്‍ന്ന് ഡല്‍ഹിക്കും പൂനെക്കും അവസരം ലഭിക്കും. മൂന്നാം റൗണ്ട് മുതലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് ലേലത്തില്‍ പങ്കെടുക്കുന്നത്. ചെന്നൈയിന്‍ എഫ്.സിക്ക് നാലാം റൗണ്ടില്‍ മാത്രമാണ് ഡ്രാഫ്റ്റില്‍ പങ്കെടുക്കാനാവുക. മൂന്നാം റൗണ്ട് മുതല്‍ ആര്‍ക്ക് ആദ്യം താരങ്ങളെ വിളിക്കാമെന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

താരങ്ങളെ മറിച്ചു വാങ്ങാന്‍ ഇന്‍സ്റ്റന്റ് ട്രേഡിങ്
ഒരു ക്ലബ്ബ് സ്വന്തമാക്കിയ കളിക്കാരനെ മറിച്ചു വാങ്ങാനുള്ള ഇന്‍സ്റ്റന്റ് ട്രേഡിങ് സിസ്റ്റം കഴിഞ്ഞ ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ ഉണ്ടായിരുന്നു. ഇത്തവണയും അത് നില നിര്‍ത്തിയിട്ടുണ്ട്. ഡ്രാഫ്റ്റില്‍ ഒരു ടീം വിളിച്ച താരത്തെ മറ്റൊരു ടീമിന് ആവശ്യമുണ്ടെങ്കില്‍ 15 സെക്കന്റിനകം ബസറില്‍ വിരലമര്‍ത്തിയാല്‍ ആ ക്ലബ്ബിന് അവസരം ലഭിക്കും. ഇരുക്ലബ്ബുകളുമായി നിശ്ചിത സമയത്തിനകം ചര്‍ച്ച നടത്തി കളിക്കാരനെ വില്‍പന നടത്തും. മൂന്നാം റൗണ്ട് മുതല്‍ ഇതിന് അവസരമുണ്ട്. ഉദാഹരണത്തിന് കേരള ബ്ലാസ്റ്റേഴ്സിന് താല്‍പര്യമുണ്ടായിരുന്ന അനസ് എടത്തൊടികയെ ടാറ്റയോ പൂനെയോ സ്വന്തമാക്കിയാല്‍ 15 സെക്കന്റിനകം ഇന്‍സ്റ്റന്റ് ട്രേഡിങിനായി ബ്ലാസ്റ്റേഴ്സിന് ഒരു ഓഫര്‍ ടീമുകള്‍ക്ക് നല്‍കാനാവും. ഒരു മിനുറ്റിനുള്ളില്‍ ടീമുകള്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ ഓഫര്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അംഗീകരിച്ചാല്‍ അനസിനെ കേരളത്തിന് കേരളം ഓഫര്‍ ചെയ്ത തുകക്ക് കിട്ടും പക്ഷേ പകരം അടുത്ത ഡ്രാഫ്റ്റ് റൗണ്ടില്‍ താരത്തെ വിളിക്കാനുള്ള കേരളത്തിന്റെ അവസരം ടാറ്റക്ക് നല്‍കേണ്ടി വരും. ഇന്‍സ്റ്റന്റ് ട്രേഡിങ് നടന്നാല്‍ താരത്തിന് നേരത്തെ നിര്‍ണയിച്ച വിലയിലും മാറ്റമുണ്ടാകും.

പ്ലയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുക്കുന്ന
ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇങ്ങനെ
കേരള ബ്ലാസ്റ്റേഴ്സ്: സി.കെ വിനീത്, സന്ദേശ് ജിങ്കന്‍ (സീനിയര്‍), പ്രശാന്ത് മോഹന്‍ (അണ്ടര്‍-21), മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ വിളിക്കാം.
ബെംഗളൂരു എഫ്.സി: സുനില്‍ ഛേത്രി, ഉദാന്ത സിങ് (സീനിയര്‍) നിഷു കുമാര്‍, മാല്‍സ്വോംസാല (അണ്ടര്‍-21). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ വിളിക്കാം
അത്ലറ്റിക്കോ കൊല്‍ക്കത്ത: ദേബ്ദിത് മജുംദാര്‍, പ്രബീര്‍ ദാസ് (സീനിയര്‍). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ വിളിക്കാം
ചെന്നൈയിന്‍ എഫ്.സി: ജെജെ ലാല്‍പെക്ലുവ, കരണ്‍ജിത് സിങ് (സീനിയര്‍). ജെറി ലാല്‍റിന്‍സുവാല, അനിരുദ്ധ് ഥാപ (അണ്ടര്‍-21). ജെറി ദേശീയ ടീമില്‍ കളിച്ചിട്ടുള്ളതിനാല്‍ നാലാം റൗണ്ടില്‍ മാത്രമേ ചെന്നൈയിന് പങ്കെടുക്കാനാവൂ.
ഡല്‍ഹി ഡൈനാമോസ്: ഒരു താരത്തെയും നില നിര്‍ത്തിയില്ല, ഡ്രാഫ്റ്റില്‍ ആദ്യ റൗണ്ടില്‍ താരങ്ങളെ വിളിക്കാം.
പൂനെ സിറ്റി: വിശാല്‍ കെയ്ത് (സീനിയര്‍), ആശിഖ് കുരുണിയന്‍ (അണ്ടര്‍-21). രണ്ടാം റൗണ്ടില്‍ താരങ്ങളെ വിളിക്കാം.
മുംബൈ സിറ്റി: അമ്രീന്ദര്‍ സിങ്, ഷെഹ്നാജ് സിങ് (സീനിയര്‍), രാകേഷ് ഓറം (അണ്ടര്‍-21). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ എടുക്കാം.
എഫ്.സി ഗോവ: മന്ദര്‍റാവു ദേശായി, ലക്ഷ്മികാന്ത് കട്ടിമണി (സീനിയര്‍), മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ എടുക്കാം.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: ടി.പി രഹനേഷ്, റൗളിങ്ഗ് ബോര്‍ജസ് (സീനിയര്‍). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ എടുക്കാം.
ടാറ്റ ജംഷഡ്പൂര്‍: പുതിയ ടീം, ആദ്യ റൗണ്ടില്‍ ഡ്രാഫ്റ്റില്‍ താരങ്ങളെ എടുക്കാം.
ഡ്രാഫ്റ്റിലെ വിലയേറിയ പത്തു താരങ്ങള്‍
1) അനസ് എടത്തൊടിക-1.10 കോടി
2) യൂജെന്‍സണ്‍ ലിങ്ദോ-1.10 കോടി
3) സുബ്രതാ പോള്‍-87 ലക്ഷം
4) പ്രീതം കോട്ടാല്‍-75 ലക്ഷം
5) അരിന്ദം ഭട്ടാചാര്യ-73 ലക്ഷം
6) ബല്‍വന്ത് സിങ്-65 ലക്ഷം
7) റോബിന്‍ സിങ്-65 ലക്ഷം
8) റിനോ ആന്റോ-63 ലക്ഷം
8) ലെന്നി റോഡിഗ്രസ്-60 ലക്ഷം
10) നാരായണ്‍ ദാസ്-58 ലക്ഷം
10) പ്രണോയ് ഹാല്‍ഡെര്‍-58 ലക്ഷം

ഡ്രാഫ്റ്റിലെ മലയാളി താരങ്ങള്‍
1) അനസ് എടത്തൊടിക-1.10 കോടി
2) റിനോ ആന്റോ-വില-63 ലക്ഷം
3) മുഹമ്മദ് റാഫി-30 ലക്ഷം
4) സക്കീര്‍ മുണ്ടംപാറ-18 ലക്ഷം
5) ഡെന്‍സണ്‍ ദേവദാസ്-15 ലക്ഷം
6) ജസ്റ്റിന്‍ സ്റ്റീഫന്‍-14 ലക്ഷം
7) നിധിന്‍ ലാല്‍-12 ലക്ഷം
8) അബ്ദുല്‍ ഹഖ്-12 ലക്ഷം
9) ഷാഹിന്‍ ലാല്‍-8 ലക്ഷം
10) ഉബൈദ് ചോണോകടവത്ത്-6 ലക്ഷം
11) അക്ഷയ് ജോഷി-6 ലക്ഷം
12) അജിത് ശിവന്‍-6 ലക്ഷം

chandrika: