പനാജി: കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിലെ എല്ലാ മത്സരങ്ങളും ഗോവയിലാണ് അരങ്ങേറുന്നത്. അതും അടച്ചിട്ട സ്‌റ്റേഡിയത്തില്‍. ആരാധകരുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാകില്ലെങ്കിലും സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തി ആരാധകരെ ആഘോഷത്തില്‍ നിര്‍ത്താനുള്ള ആലോചനയാണ് ഐഎസ്എല്‍ അധികൃതര്‍ നടത്തുന്നത്.
‘ഫാന്‍ വാള്‍’ എന്ന ആശയമാണ് ഐഎസ്എല്ലിലുള്ളത്. ഇതുവഴി സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ച സ്‌ക്രീനിലൂടെ ആരാധകര്‍ക്ക് ലൈവായി ഇഷ്ട ടീമിനും താരങ്ങള്‍ക്കും ആശംസ നേരാം. അല്ലെങ്കില്‍ അവര്‍ക്കായി ആരവം മുഴക്കാം. ഐഎസ്എല്‍ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള ‘ഫാന്‍ സോണ്‍’ വഴിയാണ് ‘ഫാന്‍ വാളി’ല്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടത്. രണ്ട് ടീമിലെ ആരാധകര്‍ക്കായും ഇരു ഭാഗങ്ങളിലായി എല്‍ഇഡി സ്‌ക്രീനായിരിക്കും മൈതാനത്ത് സ്ഥാപിക്കുക.
മത്സരങ്ങള്‍ സംബന്ധിച്ച് മുന്‍പും ശേഷവും നടക്കുന്ന അവലോകനങ്ങളിലും വിലയിരുത്തലുകളിലും ആരാധകര്‍ക്കും പങ്കാളിയാകാനുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം ആരാധകര്‍ക്കാണ് സംവാദത്തിനുള്ള അവസരം.