X
    Categories: Culture

സച്ചിന്റെ നാട്ടുകാര്‍ ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി; തോല്‍വി അഞ്ചു ഗോളിന്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ പ്രവേശം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിയുടെ ഗ്രൗണ്ടില്‍ നാണം കെട്ട തോല്‍വി. എതിരില്ലാത്ത അഞ്ചു ഗോളിനാണ് മഞ്ഞപ്പട മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നിന്നു കയറിയത്. ഉറുഗ്വേ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ ഈ സീസണിലെ ആദ്യ ഹാട്രിക് നേടിയ മത്സരത്തില്‍ കഫു, ലൂസിയന്‍ ഗോയന്‍ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കയ്യടക്കിയ മുംബൈ സെമിഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

രാജ്യാന്തര ഡ്യൂട്ടി കഴിഞ്ഞെത്തിയ മാര്‍ക്കി താരം ആരോണ്‍ ഹ്യൂസിന് ബ്ലാസ്‌റ്റേഴ്‌സ് വിശ്രമം അനുവദിച്ചപ്പോള്‍, ആദ്യ വിസില്‍ മുതല്‍ക്കു തന്നെ ആക്രമണം എന്നതായിരുന്നു മുംബൈയുടെ പദ്ധതി. അഞ്ചാം മിനുട്ടില്‍ ആ തന്ത്രം ആദ്യ ഗോളായി പരിണമിക്കുകയും ചെയ്തു. ഡെഫെഡ്രികോയുടെ പാസ് സ്വീകരിച്ചു മുന്നേറി ബോക്‌സിന്റെ വലതുഭാഗത്തു നിന്നുള്ള കരുത്തുറ്റ ഷോട്ടിലൂടെ ഡീഗോ ഫോര്‍ലാന്‍ മുംബൈക്ക് ലീഡ് നേടിക്കൊടുത്തു.


ബ്ലാസ്‌റ്റേഴ്‌സ് സമനിലക്കായി പൊരുതുന്നതിനിടെ, 14ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലേക്ക് വളച്ചിറക്കി ഫോര്‍ലാന്‍ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതീക് ചൗധരിയെ പിന്‍വലിച്ച് സന്ദര്‍ശകര്‍ തോങ്കോസിം ഹോകിപ്പിനെ കളത്തിലിറക്കി. കഴിഞ്ഞ സീസണില്‍ ഗോവക്കു വേണ്ടി തിളങ്ങിയ ഇന്ത്യന്‍ താരത്തിന് മഞ്ഞക്കുപ്പായത്തില്‍ ആദ്യ മത്സരമായിരുന്നു ഇത്.

63-ാം മിനുട്ടില്‍ ഫോര്‍ലാന്റെ ഹാട്രിക്കെത്തി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലെ ആശങ്കകള്‍ക്കിടയില്‍ കഫു നല്‍കിയ പാസ് ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന്റെ കാലുകള്‍ക്കിടയിലൂടെ ഫോര്‍ലാന്‍ വലയിലാക്കി.

69-ാം മിനുട്ടില്‍ ഡെഫെഡ്രിക്കോയുടെ പാസ് സ്വീകരിച്ച് മുന്നേറിയ കഫു പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് തൊടുത്ത കരുത്തുറ്റ ഷോട്ടിലൂടെയാണ് ലക്ഷ്യം കണ്ടത്.

73-ാം മിനുട്ടില്‍ ഗോയാന്റെ ഗോളിന് വഴിയൊരുക്കിയതും ഡെഫെഡ്രിക്കോ തന്നെ. കോര്‍ണര്‍ ക്കില്‍ ഉയര്‍ന്നുചാടിയ ഗോയന്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു.

chandrika: