കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം സീസണ്‍ മത്സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി അരങ്ങേറുന്ന സീസണിന്റെ ആദ്യമത്സരം നവംബര്‍ 19ന് കേരള ബ്ലാസ്‌റ്റേഴ്‌സും മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനും തമ്മിലാണ്.
ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ പട്ടികയാണ് സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) പുറത്തുവിട്ടത്. ഡിസംബറില്‍ അവശേഷിക്കുന്ന മത്സരക്രമം പ്രഖ്യാപിക്കും. 115 മത്സരങ്ങളാണ് ഇത്തവണയും. ഇതാദ്യമായി ശനിയാഴ്ചകളില്‍ അരങ്ങേറുന്ന രണ്ടാമത്തെ മത്സരത്തിന്റെ കിക്കോഫ് രാത്രി 9.30ലേക്ക് മാറും. വൈകിട്ട് 7.30നായിരിക്കും മറ്റു മത്സരങ്ങളുടെയെല്ലാം കിക്കോഫ്. നവംബര്‍ 27നാണ് എസ്‌സി ഈസ്റ്റ്ബംഗാളും എടികെ മോഹന്‍ബഗാനും തമ്മിലുള്ള ഡെര്‍ബി. ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. വാസ്‌കോ തിലക് മൈതാനിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ട്. ബംബോളിം അത്‌ലറ്റിക സ്‌റ്റേഡിയമാണ് മറ്റൊരു വേദി. സ്‌റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുമോയെന്ന കാര്യത്തില്‍ സംഘാടകര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ഇങ്ങനെ: തീയതി, എതിരാളികള്‍, വേദി എന്ന ക്രമത്തില്‍. നവംബര്‍ 19-മോഹന്‍ ബഗാന്‍ (നെഹ്‌റു സ്‌റ്റേഡിയം ഫറ്റോര്‍ഡ), 25-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ഫറ്റോര്‍ഡ), 28-ചെന്നൈയിന്‍ എഫ്‌സി (അത്‌ലറ്റിക് സ്‌റ്റേഡിയം, ബംബോലിം), ഡിസംബര്‍ 5-ഒഡീഷ എഫ്‌സി (തിലക് മൈതാന്‍, വാസ്‌കോ), 12-എസ്‌സി ഈസ്റ്റ്ബംഗാള്‍ (വാസ്‌കോ), 19-മുംബൈ സിറ്റി എഫ്‌സി (ഫറ്റോര്‍ഡ), 22-ചെന്നൈയിന്‍ എഫ്‌സി (വാസ്‌കോ), 26-ജംഷഡ്പൂര്‍ എഫ്‌സി (വാസ്‌കോ), ജനുവരി 2-എഫ്‌സി ഗോവ (വാസ്‌കോ), 9-ഹൈദരാബാദ് എഫ്‌സി (വാസ്‌കോ). എല്ലാ മത്സരങ്ങളും രാത്രി 7.30ന്.