മത്സരമില്ലെങ്കിലും ഇന്ന് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക ദിനമാണ്. പ്ലേഓഫിനായി ടീം ഇനിയും കാത്തിരിക്കണോ വേണ്ടയോ ഇന്നറിയാം. രാത്രി എട്ടിന് ഭുവനേശ്വറില്‍ നടക്കുന്ന മത്സര ഫലമാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുക. ജംഷെഡ്പൂര്‍ വിജയിച്ചാല്‍ ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിനിറങ്ങും മുമ്പേ കേരളത്തിന്റെ പ്ലേഓഫ് സാധ്യതകള്‍ പൂര്‍ണമായും അവസാനിക്കും. ബെംഗളൂരു ജയിക്കുകയോ മത്സരം സമനിലയാവുകയോ ചെയ്താല്‍ കേരളത്തിന് പ്രതീക്ഷ തുടരാം.
17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിനെതിരായ മത്സരം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇന്നത്തെ മത്സരം അനുകൂലമാവുകയും ബെംഗളൂരവിനെതിരായ മത്സരം ജയിക്കുകയും കൂടി ചെയ്താല്‍ മാത്രമേ കേരളത്തിന് മറ്റു സാധ്യകളിലേക്ക് നോട്ടമിടാനാവുകയുള്ളു. ബെംഗളൂരു എഫ്.സി മാത്രമാണ് നിലവില്‍ പ്ലേഓഫിന് യോഗ്യത നേടിയിരിക്കുന്നത്. ബെംഗളൂരിനെതിരെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ കേരളത്തിന്റെ മൊത്തം പോയിന്റ് നേട്ടം ഇരുപത്തിയെട്ടാവും. നിലവില്‍ ബെംഗളൂരുവിന് പുറമെ പൂനെ, ചെന്നൈയിന്‍ എന്നീ ടീമുകള്‍ക്ക് 28ന് മേലെ പോയിന്റുണ്ട്. അതിനാല്‍ പ്ലേ ഓഫിലെത്തിയാലും നാലാം സ്ഥാനത്തായിരിക്കും കേരളം.
രണ്ടു കളികള്‍ ശേഷിക്കുന്ന ജംഷഡ്പൂര്‍ എഫ്.സി ഇന്നത്തെ മത്സരത്തിന് പുറമെ ഗോവക്കെതിരെയും തോല്‍ക്കണം. അവരുടെ ഫലം ഒരു തോല്‍വിയും ഒരു സമനിലയും ആയാലും കേരളത്തിന്റെ സാധ്യകള്‍ ബാക്കിയാവും. തീര്‍ന്നില്ല, മൂന്ന് മത്സരങ്ങള്‍ അവശേഷിക്കുന്ന എഫ്.സി ഗോവ ജംഷ്ഡപൂരിനെതിരായ മത്സരത്തിലല്ലാതെ മറ്റു രണ്ടു കളികളിലെതെങ്കിലുമൊന്നില്‍ പരാജയപ്പെടണം. കൊല്‍ക്കത്തയും പൂനെയുമാണ് ഗോവയുടെ മറ്റു എതിരാളികള്‍. രണ്ടു മത്സരങ്ങള്‍ അവശേഷിക്കുന്ന മുംബൈ സിറ്റി എഫ്.സി രണ്ട് മത്സരത്തിലും ജയിക്കാതിരിക്കാനും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രാര്‍ഥിക്കണം. ഡെല്‍ഹിയും ചെന്നൈയിനുമാണ് മുംബൈയുടെ എതിരാളികള്‍. രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മുംബൈക്ക് 29 പോയിന്റാവും.