X

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം; മത്സരം കൊച്ചിയില്‍ മുംബൈക്കെതിരെ

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണില്‍ ഒരുപാട് മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോച്ച് ഈല്‍ക്കോ ഷാട്ടോരി. സന്ദേശ് ജിങ്കാന് പരിക്കേറ്റതാണ് സീസണിലേറ്റ പ്രധാന പ്രശ്‌നം. അത് മറികടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടി.പി രഹ്നേഷായിരിക്കും ടീമിന്റെ പ്രധാന ഗോള്‍കീപ്പറെന്നും ഷാട്ടോരി വ്യക്തമാക്കി. ഇന്ന് മുംബൈ സിറ്റിക്കെതിരെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുത്തരായ എ.ടി.കെക്കെതിരെനേടിയ ജയത്തിന്റെ കരുത്തിലും ആത്മവിശ്വാസത്തിലുമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ഇരട്ടഗോള്‍ നേടിയ നായകന്‍ ഓഗ്‌ബെച്ചേ മിന്നും ഫോമിലാണെന്നതും ആരാധക പിന്തുണ തിരികെ കിട്ടിയതും ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ സീസണില്‍ മുംബൈയോടേറ്റ 6-1ന്റെ നാണം കെട്ട തോല്‍വിക്ക് മറുപടി നല്‍കല്‍ കൂടിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുംബൈയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ്.

ഉദ്ഘാടന മത്സരത്തില്‍ പകരക്കാരനായി മാത്രം ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നാളെ ആദ്യ ഇലവനില്‍ കളിക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. മധ്യനിരയില്‍ മാരിയോ ആര്‍കെസിന്റെ പരിക്ക് ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സീസണില്‍ മുംബൈയുടെ ആദ്യ മത്സരമാണ് ഇന്നത്തേത്. ജെയ്‌റോ, സാമുവല്‍, മെസ്സി എന്നിങ്ങനെ കരുത്തുറ്റ നിരയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്.

കഴിഞ്ഞ സീസണിലെ ടീമല്ല ഇപ്പോഴത്തെ കേരള ബ്ലാസ്‌റ്റേഴ്‌സെന്ന് മുംബൈ സിറ്റി പരിശീലകന്‍ ജോര്‍ഗെ കോസ്റ്റ പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെയും പരിശീലകന്‍ ഷട്ടോരിയുടെ ശൈലിയേയും കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

web desk 1: