X
    Categories: MoreViews

ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം; ഗാലറി ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

 

അഷ്റഫ് തൈവളപ്പ്

കൊച്ചി: നവംബര്‍ 17ന് തുടങ്ങുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റേതടക്കം കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഒമ്പത് മത്സരങ്ങളുടെയും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്ക് വില്‍പ്പന തുടങ്ങിയ ടിക്കറ്റുകളില്‍ ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനകം വിറ്റു തീര്‍ന്നു. 240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. മറ്റു ടിക്കറ്റുകളും അതിവേഗത്തില്‍ വിറ്റുപോവുന്നുണ്ട്. പതിനായിരം രൂപയാണ് ടിക്കറ്റിന്റെ കൂടിയ വില. കഴിഞ്ഞ സീസണില്‍ 200, 300,500 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.

മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ടിക്കറ്റ് വില്‍പ്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്‍ 3500 രൂപ വരെയാണ് വില. ഗാലറി ടിക്കറ്റിനാണ് 240 രൂപ. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വി.ഐ.പി ബോക്സിന് 3500 രൂപയാണ് ഈടാക്കുക. അതേസമയം ഓണര്‍ ബോക്സിന് പതിനായിരം രൂപ നല്‍കണം. ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനും ഇതേ ടിക്കറ്റ് നിരക്കാണ്. മറ്റു മത്സരങ്ങളുടെ ടിക്കറ്റ് വില ഇങ്ങനെ: ഗാലറി-200, ബി,ഡി ബ്ലോക്ക്-400, എ,സി, ഇ ബ്ലോക്ക്-650, വി.ഐ.പി-2500, ഓണര്‍ ബോക്സ്-5000. ഗാലറി ടിക്കറ്റിന് കാര്യമായി വില വര്‍ധിപ്പിക്കാത്തത് ആരാധകര്‍ക്ക് ഏറെ ആശ്വാസകരമാവും. അണ്ടര്‍-17 ലോകകപ്പിനോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ ഗാലറിയിലടക്കം ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചിരുന്നു. ബുക്ക്മൈ ഷോയുടെ ഓണ്‍ലൈന്‍ സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും. കഴിഞ്ഞ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ ആവശ്യമുന്നയിക്കുന്ന സീസണ്‍ ടിക്കറ്റ് വില്‍പ്പനക്ക് ടീം മാനേജ്മെന്റ് ഇത്തവണയും അവസരമൊരുക്കിയില്ല. നിലവിലെ ടിക്കറ്റ് നിരക്കിലൂടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആരാധകരെ ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപവുമുണ്ട്.

chandrika: