മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളില്‍ ആളില്ലാത്ത ഐ ലീഗ് കാലം അവസാനിക്കുന്നു. പകരം പ്രഥമ ലീഗായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാറുന്നു. നിലവില്‍ സ്വകാര്യ സംരംഭമാണ് ഐ.എസ്.എല്‍ എങ്കിലും മൂന്ന് മാസത്തെ അതിന്റെ മല്‍സരകാലം നീട്ടി ഐ ലീഗ് രാജ്യത്തെ പ്രഥമ ഫുട്‌ബോള്‍ ലീഗായി ഐ.എസ്.എലിനെ മാറ്റാനാണ് നീക്കമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
അടുത്ത വര്‍ഷം രാജ്യം ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുകയാണ്. ഈ ചാമ്പ്യന്‍ഷിപ്പിന് ശേഷം ദേശീയ ലീഗ് മല്‍സരങ്ങളുടെ ഫോര്‍മാറ്റ് മാറും. ഐ ലീഗിന്റെ സ്ഥാനത്ത് ഐ.എസ്.എല്‍ വരും- മല്‍സര പീരിഡ് നീട്ടും. ഇതിന് പിറകെ ലീഗ്-1, ലീഗ്-2 ചാമ്പ്യന്‍ഷിപ്പുകളുണ്ടാവും. ഈ കാര്യത്തില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഫ്.സി.) ഫിഫ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. ഐ ലീഗിന് പകരം ഐ.എസ്.എല്‍ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രധാനപ്പെട്ട പല ക്ലബൂകളും രാജ്യത്തുളള സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
നിലവില്‍ രണ്ടര മാസമാണ് ഐ.എസ്.എല്‍. അതിന് പകരം കൂടുതല്‍ മാസക്കാലം മല്‍സരങ്ങളുണ്ടാവും. ഐ ലീഗില്‍ കളിക്കുന്നത് രാജ്യത്തെ പ്രധാന ക്ലബുകളാണ്. ഇവരെ ഒഴിവാക്കിയാല്‍ പ്രശ്‌നങ്ങളുണ്ടാവും. ഐ.എസ്.എല്ലിനെ പ്രഥമ ലീഗാക്കി മാറ്റുമ്പോള്‍ സ്വാഭാവികമായും ക്ലബുകളുടെ പക്ഷത്ത് നിന്നാണ് എതിര്‍പ്പുണ്ടാവുകയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അടുത്ത ഫെബ്രുവരി -മാര്‍ച്ച് മാസത്തോടെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും.