മഡ്ഗാവ്: ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ വിജയത്തിനായി ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് ഇനിയും നീളും. സീസണിലെ ആദ്യ ജയം തേടി എഫ്‌സി ഗോവയെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഇരുപകുതികളിലുമായി ഇഗോര്‍ അംഗുലോ (30, 90+4), ജോര്‍ജെ ഓര്‍ട്ടിസ് (52), എന്നിവരാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ 90ാം മിനിറ്റില്‍ വിന്‍സന്റെ ഗോമസ് നേടി. പ്രതിരോധത്തിലെ കരുത്തന്‍ കോസ്റ്റ നമോയിനെസു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ 10 പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ മണ്ടത്തരങ്ങളാണ് മത്സരത്തില്‍ ഗോവയ്ക്ക് അനായാസ ജയം നല്‍കിയത്. മത്സരത്തിന്റെ ഇരുപകുതികളിലുമായി ഇഗോര്‍ അംഗുലോ നേടിയ രണ്ട് ഗോളുകളും ആല്‍ബിനോയുടെ പിഴവില്‍നിന്നായിരുന്നു. ആദ്യ പകുതിയില്‍ അനാവശ്യമായി മുന്നിലേക്ക് കയറിനിന്ന് അംഗുലോയ്ക്ക് ഗോള്‍ സമ്മാനിച്ച ആല്‍ബിനോ, രണ്ടാം പകുതിയുടെ ഇന്‍ജറി ടൈമില്‍ പന്ത് അംഗുലോയുടെ കാലിലേക്ക് വലിച്ചെറിഞ്ഞ് കൊടുത്ത് ഗോവന്‍ സ്‌കോര്‍ മൂന്നില്‍ എത്തിച്ചു.
സീസണിലെ രണ്ടാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പിന്നിലുള്ളത് ഒരു പോയിന്റുള്ള ഒഡീഷ എഫ്‌സി, അക്കൗണ്ട് തുറക്കാത്ത ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ മാത്രം. സീസണിലെ ആദ്യ ജയം നേടിയ എഫ്‌സി ഗോവ, അഞ്ചാം സ്ഥാനത്താണ്.