കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണിലേക്ക് രണ്ടു പുതിയ ടീമുകള്‍ കൂടി. ബംഗളൂരു, ജംഷഡ്പൂര്‍ നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ ടീമുകള്‍. ഇതോടെ പുതിയ സീസണില്‍ ടീമുകളുടെ എണ്ണം പത്തായി ഉയരും. കഴിഞ്ഞ മൂന്നു സീസണുകളിലും എട്ടു ടീമുകളായിരുന്നു ലീഗില്‍ മത്സരിച്ചിരുന്നത്. വിദേശസ്വദേശ താരങ്ങളുടെ പ്രാതിനിധ്യത്തില്‍ കൂടി മാറ്റം വരുന്നതിനാല്‍ അടിമുടി മാറ്റങ്ങളോടെയായിരിക്കും ഐ.എസ്.എല്‍ നാലാം സീസണ്‍ അരങ്ങേറുക.
ടൂര്‍ണമെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ പത്തു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരെ ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ജിഎല്‍) ലേലത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ നിന്നാണ് ബംഗളൂരുവിന് വേണ്ടിയുള്ള ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെയും ജംഷഡ്പൂരിന് വേണ്ടിയുള്ള ടാറ്റ സ്റ്റീല്‍ കമ്പനിയുടെയും അപേക്ഷ സ്വീകരിച്ചത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ റെസിഡന്‍ഷ്യല്‍ രീതിയില്‍ 1987 മുതല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. അരങ്ങേറ്റത്തില്‍ തന്നെ ഐ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ബംഗളൂരു എഫ്.സിയുടെ ഉടമസ്ഥരാണ് ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് (ജെ.എസ്.ഡബ്ല്യു). മെയ് 11നാണ് പുതിയ ടീമുകളെ ഉള്‍പ്പെടുത്താനുള്ള അപേക്ഷകള്‍ എഫ്എസ്ജിഎല്‍ ക്ഷണിച്ചത്. തിരുവനന്തപുരം, അഹമ്മദാബാദ്, കട്ടക്ക്, ബംഗളൂരു, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 24 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി.
അതേസമയം ഐ ലീഗിലെ വമ്പന്‍മാരായ കൊല്‍ക്കത്തന്‍ ക്ലബ്ബുകളെ സൂപ്പര്‍ ലീഗിലേക്ക് കൊണ്ടു വരാനുള്ള സംഘാടകരുടെ ശ്രമം വിജയിച്ചില്ല. ഐ.എസ്.എല്‍ വിപുലീകരിക്കാനുള്ള തീരുമാനമുണ്ടായത് രാജ്യത്തെ പ്രീമിയര്‍ ഡിവിഷനായ ഐ ലീഗിന്റെ അന്ത്യം ലക്ഷ്യമാക്കിയാണെന്ന് ആരോപണമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള മുന്‍നിര ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകളെയായിരുന്നു ലേലത്തിലൂടെ എഫ്എസ്ഡിഎല്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഈ ടീമുകള്‍ ഐ.എസ്.എലിലേക്ക് വന്നാല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എലിനെ പ്രധാന ലീഗാക്കി മാറ്റാമെന്നും ലയനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയെ ഒറ്റപ്പെടുത്താനാവുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ലേലത്തില്‍ പുതിയ ടീം ലഭിക്കുന്ന നഗരങ്ങളിലൊന്ന് കൊല്‍ക്കത്തയാണെങ്കില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് അവര്‍ക്ക് കൊല്‍ക്കത്ത ഹോം ഗ്രൗണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ലേല അറിയിപ്പില്‍ പറഞ്ഞിരുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി ഇത്തരത്തില്‍ സംഘാടകര്‍ നേരത്തെ ധാരണയുണ്ടാക്കിയതും കൊല്‍ക്കത്തന്‍ ടീമുകളുടെ ഐ.എസ്.എല്‍ പ്രവേശനത്തിലേക്കുള്ള സാധ്യതകളായി കണക്കാക്കിയിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം ബംഗളൂരു, ജംഷഡ്പൂര്‍ ടീമുകളുടെ വരവോടെ ഇല്ലാതായി.