X

ഐ.എസ്.എല്ലില്‍ ഇന്ന് കലാശം ബംഗളൂരുവും ഗോവയും

മുംബൈ:നാല് മാസത്തോളം ദീര്‍ഘിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് കലാശം. മുംബൈ ഫുട്‌ബോള്‍ അറീനിയില്‍ സീസണിലെ രണ്ട് മികച്ച ടീമുകള്‍ മുഖാമുഖം. ഗോള്‍ വേട്ടക്കാരുടെ എഫ്.സി ഗോവയും സന്തുലിത ഫുട്‌ബോളിന്റെ വക്താക്കളായ ബംഗളൂരു എഫ്.സിയും. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ തന്നെ കരുത്ത് പ്രകടിപ്പിച്ചവരാണ് രണ്ട് ടീമുകളും. അതിനാല്‍ തന്നെ ഇന്ന് ആര്‍ക്കും കാര്യമായ മുന്‍ത്തൂക്കമില്ല. നോര്‍ത്ത്് ഈസ്റ്റുകാരോട് ആദ്യ പാദ സെമിയില്‍ തോറ്റിട്ടും രണ്ടാം പാദത്തില്‍ കരുത്തരായി തിരിച്ചെത്തിയവരാണ് സുനില്‍ ഛേത്രി നയിക്കുന്ന ബംഗളൂരു. മുംബൈ സിറ്റി എഫ്.സിക്കെതിരെ ആദ്യ പാദത്തില്‍ ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം തുടര്‍ച്ചയായി അഞ്ച് ഗോളുകളടിച്ച് ആ മല്‍സരം വഴി തന്നെ ഫൈനല്‍ ഉറപ്പിച്ചവരാണ് ഗോവക്കാര്‍.
ചേത്രി-മിക്കു മുന്‍നിര മികവിലായിരുന്നു ഇത് വരെ ബംഗളൂരുവിന്റെ കുതിപ്പ്. രണ്ട് പേരും തമ്മിലുള്ള കെമിസ്ട്രി അപാരമാണ്. മധ്യനിരയില്‍ ഉദാത്തസിംഗും. ഇത് വരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പില്‍ മുത്തമിടാന്‍ കഴിയാത്തവര്‍ എന്ന അപഖ്യാതിക്ക് അന്ത്യമിടാനാണ് ബംഗളൂരു ശ്രമം. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ചെങ്കിലും ചെന്നൈയിന്‍ എഫ്.സിയോട് തകരുകയായിരുന്നു. അന്നത്തെ തോല്‍വിക്ക് പകരം ഇന്ന് ജയിച്ച് കിരീട നേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടാനാണ് ബംഗളൂരു കൊതിക്കുന്നത്. ലീഗിലെ ആദ്യ പതിനൊന്ന് മല്‍സരങ്ങളില്‍ പരാജയപ്പെട്ടിരുന്നില്ല ഛേത്രിയുടെ സംഘം. പക്ഷേ രണ്ടാംഘട്ടത്തില്‍ ചില തോല്‍വികള്‍ പിണഞ്ഞു. ആ തോല്‍വികളാണ് ഇന്ന് ഗോവക്കാരുടെ പ്രതീക്ഷ. ഗോള്‍വേട്ടക്കാരുടെ സംഘമുണ്ട് ഗോവന്‍ നിരയില്‍. 41 ഗോളുകളാണ് ഇതിനകം അവര്‍ ഈ സീസണില്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഈ സീസണില്‍ ബംഗളൂരുവുമായി രണ്ട് തവണ കണ്ട് മുട്ടിയപ്പോഴും ഗോവക്കാര്‍ക്ക് മുട്ട് വിറച്ചിരുന്നു. രണ്ട് തവണയും വലിയ തോല്‍വി പിണഞ്ഞു. ഈ വിജയം നല്‍കുന്ന മാനസിക മുന്‍ത്തൂക്കമാണ് ഛേത്രിയും സംഘവും ആയുധമാക്കുന്നത്. ആത്മവിശ്വാസത്തോടെയാണ് ബംഗളൂരു പരിശീലകന്‍ കുവാഡ്രാട്ട് സംസാരിക്കുന്നത്. കിരീടം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യത്തിലുള്ളത്. ഗോളുകളടിക്കാനും നിര്‍ണായക മല്‍സരങ്ങളെ സ്വന്തമാക്കാനുമുളള കരുത്ത് ടീമിനുണ്ട്. എത്രയും വേഗം കിരീടം നേടുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ശാന്തമായി മല്‍സരത്തെ കാണാനാണ് എല്ലാവരോടും ഉപദേശിക്കുന്നത്. ഫൈനല്‍ എന്ന് പറഞ്ഞാല്‍ അത് മാനസിക സമ്മര്‍ദ്ദമാണ്. നിങ്ങള്‍ക്ക്് മുന്നിലുള്ളത് വലിയ കിരീടമാണ്. ആ കിരീടത്തിലേക്ക് നോട്ടമിടുമ്പോള്‍ സ്വാഭാവികമായും പ്രകടമാവുന്ന സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ കഴിയണമെന്ന് കോച്ച് പറഞ്ഞു. ഏത് സാഹചര്യങ്ങളിലും ശോഭിക്കുന്നവരാണ് ഛേത്രിയും ഗുര്‍പ്രീതും ഉദാത്തയുമെല്ലാം. പക്ഷേ ഇവരോളം മികവുളള നിരവധി താരങ്ങള്‍ ഗോവന്‍ നിരയിലുള്ളത് മറക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവന്‍ കരുത്ത്് അവരുടെ മുന്‍നിരക്കാരന്‍ ഫെറാന്‍ കോറോമിനസാണ്. 19 മല്‍സരങ്ങളില്‍ നിന്നായി പതിനാറ് ഗോളുകള്‍ ഇതിനകം അദ്ദേഹം സ്‌ക്കോര്‍ ചെയ്തിരിക്കുന്നു. ഹ്യൂഗോ ബോമസ്, എദു ബേദിയ എന്നിവരും അപകടകാരികള്‍ തന്നെ. ഗോവയെ രണ്ട് തവണ ഈ സീസണില്‍ ബംഗളുരു തോല്‍പ്പിച്ചുവെങ്കിലും ഫൈനല്‍ മല്‍സരം അവര്‍ക്ക്് ആഘാതമാവുമെന്നാണ് ഗോവന്‍ കോച്ച് സെര്‍ജിയോ ലേബോര പറയുന്നത്. മല്‍സരം ഇന്ന് രാത്രി 7-30 മുതല്‍.

web desk 1: