കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. മുന്‍കൂറായി ടിക്കറ്റ് വാങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വില്‍പ്പന ഇന്നലെ തുടങ്ങി. ഈ മാസം 24 വരെ വില്‍പ്പനക്കുള്ള ടിക്കറ്റിന് 199 രൂപയാണ് കുറഞ്ഞ നിരക്ക് (സൗത്ത്, നോര്‍ത്ത് ഗ്യാലറി). ഈസ്റ്റ്, വെസ്റ്റ് ഗ്യാലറി ടിക്കറ്റിന് 249 രൂപ. എ, ഇ,സി ബ്ലോക്ക് ടിക്കറ്റുകള്‍ക്ക്449 രൂപയും ബി, ഡി ബ്ലോക്കുകളിലെ സീറ്റിന് 349 രൂപയും നല്‍കണം. 1250 രൂപയാണ് വിഐപി ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ 24ന് മുമ്പ് തന്നെ പ്രത്യക ഇളവില്‍ ഓണ്‍ലൈനായി വാങ്ങാം. പെയ്ടിഎം, ഇന്‍സൈഡര്‍ ഇന്‍ എന്നിവ വഴിയായിരിക്കും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന. 24ന് ശേഷം സാധാരണ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കും. ഈ ടിക്കറ്റുകള്‍ക്കും കാര്യമായ വര്‍ധനവ് ഉണ്ടാവില്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓണ്‍ലൈനായി വാങ്ങുന്ന ടിക്കറ്റുകള്‍ മാറ്റുന്നതിനായി ഇത്തവണ ആരാധകര്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടി വരില്ല. ഇടിക്കറ്റുകള്‍ സ്‌റ്റേഡിയത്തിന്റെ കൗണ്ടറില്‍ സ്‌കാന്‍ ചെയ്ത് നേരിട്ട് സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാം.
ഗ്യാലറി ഒഴിച്ചുള്ള ടിക്കറ്റുകളില്‍ കഴിഞ്ഞ സീസണിനേക്കാള്‍ കാര്യമായ കുറവുണ്ട് ഇത്തവണ. മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയായിരുന്നു നാലാം സീസണിലെ ടിക്കറ്റ് വില്‍പ്പന. ഗാലറി ടിക്കറ്റിന് 200240 രൂപ, ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 400500, എ,സി,ഇ ബ്ലോക്കിന് 650700, വി.ഐ.പി ബോക്‌സ് 25003500 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകള്‍. അതേസമയം കഴിഞ്ഞ രണ്ടു സീസണുകളിലായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ആവശ്യമുന്നയിക്കുന്ന സീസണ്‍ ടിക്കറ്റ് വില്‍പ്പനക്ക് ടീം മാനേജ്‌മെന്റ് ഇത്തവണയും അവസരമൊരുക്കിയില്ല. ഇതിന് ബദലായാണ് മുന്‍കൂര്‍ വില്‍പ്പനക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച മത്സ്യ തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കി എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഹീറുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിയില്‍ നടക്കുന്ന ഓരോ മത്സരങ്ങളിടെ തുടക്കത്തിലോ ഇടവേളകളിലോ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഒക്‌ടോബര്‍ അഞ്ചിനാണ് മുംബൈ സിറ്റിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. സെപ്തംബര്‍ 29ന് ഉദ്ഘാടന മത്സരത്തില്‍ എടികെയാണ് എതിരാളികള്‍.