ന്യൂഡല്‍ഹി: ആദ്യാന്തം ആവേശം മുറ്റിനിന്ന ഐ.എസ്.എല്‍ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസും മുംബൈ സിറ്റിയും 3-3 സമനിലയില്‍ പിരിഞ്ഞു. 33, 38 മിനുട്ടുകളില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ വാദോച്ചിന്റെ ഗോളുകളില്‍ മുംബൈ ലീഡ് നേടിയിരുന്നെങ്കിലും 51-ാം മിനുട്ടില്‍ റിച്ചാര്‍ഡ് ഗാട്‌സെ ആതിഥേയരുടെ ഒരു ഗോള്‍ മടക്കി. 69-ാം മിനുട്ടില്‍ സോണി നോര്‍ദെ കൂടി ഗോളടിച്ചതോടെ മുംബൈക്ക് ഒന്നിനെതിരെ മൂന്നു ഗോളിന്റെ ലീഡായി. എന്നാല്‍ 76-ാം മിനുട്ടില്‍ ബദാറ ബാദ്ജിയുടെ ഗോളും 82-ാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്നുള്ള മാര്‍സലിഞ്ഞോയുടെ ഗോളും ആതിഥേയരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
33, 38 മിനിറ്റുകളിലായിരുന്നു വാദോച്ചിന്റെ ഗോള്‍. ഗ്രൗണ്ടില്‍ നിറഞ്ഞു കളിച്ച ബ്രസീല്‍ താരം ലിയോ കോസ്റ്റയുടെ ബുദ്ധിയിലുദിച്ചതായിരുന്നു ആദ്യ ഗോള്‍. ഡല്‍ഹി ഡിഫന്‍ഡര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ കോസ്റ്റ നീട്ടി നല്‍കിയ പന്ത് വാഡോക്‌സിന് ഗോളിലേക്ക് തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
ഗോളാരവം അടങ്ങും മുമ്പ് മുംബൈയുടെ അടുത്ത ഗോളെത്തി. ഗോള്‍ പിറന്നത് പെനല്‍റ്റി ബോക്‌സില്‍ സോണി നോര്‍ദെയെ വീഴത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന്. നോര്‍ദെയെടുത്ത ഫ്രീകിക്ക് ഡല്‍ഹി ബാറില്‍ തട്ടി റീബൗണ്ടായെത്തിയപ്പോള്‍ ഗോളിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു വാഡോക്‌സ്.
42ാം മിനിറ്റില്‍ മൂന്നാം ഗോളിന് അവസരമൊരുങ്ങിയെങ്കിലും നോര്‍ദെ നല്‍കിയ പന്ത് കോസ്റ്റക്ക് നിയന്ത്രിക്കാനായില്ല. ഇന്ന് ജയിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് യുണറ്റഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാവും മുംബൈക്ക്.