X

ഐ.എസ്.എല്‍: മുംബൈ സിറ്റിയോടും തകര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്‌

എവെ ഗ്രൗണ്ടിൽ മുംബൈ സിറ്റിക്കെതിരെ പൊരുതിവീണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നികോസ് കരേലിസ് (9, 55 ), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.

ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമെനെയും (57 പെനാല്‍റ്റി), ക്വാമി പെപ്രയും (71) ലക്ഷ്യം കണ്ടു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായി. എട്ടു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാം വിജയം നേടിയ മുംബൈ ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് മുംബൈ ഗോൾ കണ്ടെത്തിയത്. നികോസ് കരേലിസിന്റെ ഒൻപതാം മിനിറ്റിലെ ഗോളിനു മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുഴുവൻ പൊരുതിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈക്ക്‌ അനുകൂലമായി പെനാൽറ്റി വിധിച്ചത്. കോർണര്‍ തടയാനുള്ള ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് മുംബൈ താരത്തിന്റെ ഷോട്ട് ക്വാമി പെപ്രയുടെ കയ്യിൽ തട്ടിയതിനായിരുന്നു നടപടി.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂട്ടായി വാദിച്ചുനോക്കിയെങ്കിലും റഫറി പെനാൽറ്റിയെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. കരേലിസ് പിഴവുകളില്ലാതെ ഷോട്ട് വലയിലെത്തിച്ചതോടെ സ്കോർ 2–0. എന്നാൽ തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഇതേ രീതിയിൽ മറുപടി നൽകി.
മുംബൈ ബോക്സിലേക്ക് പന്തുമായി കുതിച്ച ക്വാമി പെപ്രയെ മുംബൈ പ്രതിരോധ താരം ഫൗൾ ചെയ്തുവീഴ്ത്തി. തൊട്ടുപിന്നാലെ റഫറി പെനാൽറ്റി വിസിലൂതി. 57–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ മുംബൈ ഗോളി ഫുര്‍ബ ലചെൻപയ്ക്ക് സാധ്യതകൾ നൽകാതെ ഷോട്ട് വലയിലെത്തിച്ചു.

webdesk13: