X
    Categories: Sports

തോല്‍ക്കരുത്

 

കൊല്‍ക്കത്ത: മുന്നില്‍ വിജയമെന്ന മുദ്രാവാക്യം മാത്രം… ജയിക്കണം, ജയിച്ചിരിക്കണം. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ കൊല്‍ക്കത്തക്കും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്‌റ്റേഴ്‌സിനും ഇന്ന് തോല്‍ക്കാനാവില്ല. തോറ്റാല്‍ പിന്നെ പുറത്തേക്കുള്ള വഴിയാണ്. അതിജീവനത്തിന്റെ പോരാട്ടത്തിനാണ് ഇരുടീമുകളും ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുക.
ഐ.എസ്.എല്‍ നാലാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ എറ്റുമുട്ടിയ രണ്ടു ടീമുകളും തമ്മില്‍ വീണ്ടും എറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇരുവരും ഗോളൊന്നും അടിക്കാതെയാണ് പിരിഞ്ഞത്. രണ്ടാം പാദത്തിലേക്ക് കാര്യങ്ങള്‍ വരുമ്പോള്‍ രണ്ട് ടീമുകളും അതിജീവനത്തിനായി പൊരുതുകയാണ്. കൊല്‍ക്കത്ത 13 മത്സരങ്ങള്‍ കളിച്ചതില്‍ ആകെ മുന്നു മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. രണ്ടെണ്ണത്തില്‍ സമനില സമ്മതിച്ചു. എഴ് മത്സരങ്ങള്‍ തോറ്റു. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ മൊത്തം 27 പോയിന്റ് ആകും. ഈ നിലയില്‍ എത്തിയാല്‍ മാത്രമെ പ്ലേ ഓഫ് സാധ്യതയുള്ളു. നിര്‍ണായക പോരാട്ടത്തില്‍ പക്ഷേ ടീം പരുക്കിന്റെ പിടിയിലാണ്. അഞ്ച് വിദേശ കളിക്കാര്‍ മാത്രമെ ഇന്ന് കളിക്കാന്‍ കഴിയുന്നവരായി ശേഷിക്കുന്നുള്ളു. ടീമിന്റെ ഈ സീസണിലെ സുവര്‍ണതാരമാകുമെന്നു വിശേഷിപ്പിച്ച റോബി കീന്‍, പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സില്‍ നിന്നുള്ള മറ്റൊരു മിഡ്ഫീല്‍ഡര്‍ ഡേവിഡ് കോട്ടേറില്‍ എന്നിവര്‍ക്ക് ഇന്ന് കളിക്കാനാവില്ല. ജനുവരി 12നാണ് കൊല്‍ക്കത്ത ഒടുവില്‍ ജയിച്ചത്, നോര്‍ത്ത് ഈസ്റ്റിനെതിരെ. അതിനുശേഷം പൂനെ സിറ്റിയോട് മൂന്ന് ഗോളിനും ചെന്നൈയിനോട് 1-2 നും ജാംഷെഡ്പൂരിനോട് ഒരു ഗോളിനും ബംഗളുരുവിനോട് രണ്ട് ഗോളിനും തോറ്റു. സീസണില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റ എക ടീമും കൊല്‍ക്കത്തയാണ്. ഇപ്പോഴും പോരാടിയാല്‍ പ്ലേ ഓഫ് സാധ്യതയുണ്ടെന്നാണ് കോച്ച് വെസ്റ്റ്‌വുഡ് പറയുന്നത്. അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ 27 പോയിന്റ് ആകും, ചെറിയ പ്രതീഷയാണ് അത് നല്‍കുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളെ സംബന്ധിച്ചു അവരുടെ കരിയറിന്റെ ഭാഗമാണ് കളിക്കുക എന്നത്. പുതിയ കരാര്‍ കൂടി കണക്കിലെടുക്കണം ‘ ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ വേണ്ടി കളിക്കാര്‍ കരാര്‍ നീട്ടുന്നതിനു താല്‍പ്പര്യമെടുക്കുകയാണെന്ന സൂചനയും കോച്ച് നല്‍കി.കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത പത്തു പേരുമായി കളിച്ച ബംഗളുരുവിനോടാണ് തോറ്റത്. ചാന്‍സുകള്‍ക്കു പിന്നാലെ ചാന്‍സുകള്‍,പക്ഷേ ഒരു ചാന്‍സ് പോലും ഞങ്ങള്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല . അവര്‍ പൂര്‍ണമായും ആധിപത്യം നേടുകായിരുന്നു-കോച്ചിന്റെ വാക്കുകള്‍. കൊല്‍ക്കത്തയുമായി താരതമ്യം ചെയ്്താല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മികച്ച നിലയിലാണ്. രണ്ടു ടീമിനെയും വലച്ചത് കളിക്കാരുടെ പരുക്കാണ്. രണ്ടു ടീമുകളും സീസണിന്റെ പാതി വഴിയില്‍ നിലവില്‍ ഉണ്ടായിരുന്ന പരിശീലകരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ റെനെ മ്യൂലന്‍സ്റ്റീനു പകരം എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിന്നിംഗ് ഫോമില്‍ എത്തുന്നത്. ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനാണ് സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യത എറെയുള്ളത്. പക്ഷേ 14 മത്സരങ്ങള്‍ ഇതിനകം ബ്ലാസ്‌റ്റേഴ്‌സ് കളിച്ചു കഴിഞ്ഞു. 20 പോയിന്റും കൈവശമുണ്ട്. ഇന്ന് ജയിച്ചാല്‍ ജാംഷെഡ്പൂരിനെ പിന്തള്ളി ബ്ലാസ്‌റ്റേഴ്‌സിനു ആദ്യമായി നാലാം സ്ഥാനത്ത് എത്താനാകും.
ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ചു. അവസാന മത്സരത്തില്‍ എഫ്.സി. പൂനെ സിറ്റിയെ അവരുടെ ഗ്രൗണ്ടില്‍ തന്നെ കീഴടക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇനി ഒരു അബദ്ധം സംഭവിക്കാന്‍ പാടില്ല . ഫിക്‌സചറില്‍ ബാക്കിയുള്ള നാല് മത്സരങ്ങളും സ്വന്തമാക്കിയേ തീരൂ ‘ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. മ്യൂലന്‍സ്റ്റീന്‍ പോയതിനുശേഷം എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കളിച്ച എഴ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞു. മ്യലെന്‍സ്റ്റിന്റെ കീഴില്‍ കളിച്ച ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും ലഭിച്ചത് ഏഴ് പോയിന്റും.
കേരളത്തില്‍ വളരെ മിടുക്കരായ നിരവധി ഫുട്‌ബോള്‍ താരങ്ങളുണ്ട്. സത്യത്തില്‍ എന്തുകൊണ്ടാണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഉയരാന്‍ കഴിയാതെ പോയത് ? എനിക്ക് അത്ഭുതം തോന്നുന്നു. വളരെ ഉത്സാഹഭരിതരായ കളിക്കാരും കൈവശമുണ്ട്. എനിക്ക് വളരെയേറെ പ്രതീക്ഷയാണ് അവരില്‍ ഉള്ളത്- ജെയിംസ് പറഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സിനു ഇന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ ഇറക്കാന്‍ കഴിയില്ല. നാല് മഞ്ഞക്കാര്‍ഡുകള്‍ക്കുള്ള സസ്‌പെന്‍ഷന്‍ കാരണം മത്സരം ജിങ്കനു നഷ്ടപ്പെടും. അതേപോലെ മറ്റു ചില കളിക്കാരും കൂടി പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ ഇന്ന് കളിക്കാനുണ്ടാകില്ല. പരുക്കേറ്റ വിദേശ കളിക്കാര്‍ക്കു പകരം ഇന്ത്യന്‍ കളിക്കാരെ ഇറക്കാനുള്ള ആലോചനയിലാണ് ഡേവിഡ് ജെയിംസ്. കഴിഞ്ഞ മത്സരത്തില്‍ കാല്‍മുട്ടിനു പരുക്കേറ്റ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടപ്പെടുമെന്നാണ് സൂചന. ഈ സീസണില്‍ തന്നെ ഹ്യൂമിനു ഇനി കളിക്കാന്‍ കഴിയുമോ എന്ന സംശയവും ബാക്കി നില്‍ക്കുന്നു.

chandrika: