ബെംഗളുരു: ഐ.എസ്.എല്‍ 2018-ലെ കലാശപ്പോരാട്ടമായ ദക്ഷിണേന്ത്യന്‍ ഡര്‍ബി ഇന്ന്. രാജ്യത്തെ ഏറ്റവും മികച്ച ക്ലബ്ബെന്ന വിശേഷണമുള്ള ബെംഗളുരു എഫ്.സി കന്നി സീസണില്‍ തന്നെ കിരീടത്തില്‍ മുത്തമിടാനൊരുങ്ങി ഇറങ്ങുമ്പോള്‍ മറുവശത്തുള്ളത് ഒരിക്കല്‍ കപ്പടിച്ച് പരിചയമുള്ള ചെന്നൈയിന്‍ എഫ്.സി. സ്വന്തം ഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കു മുന്നിലാണ് ഫൈനല്‍ കളിക്കുന്നതെന്ന ആനുകൂല്യം സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കുമുണ്ടെങ്കിലും, സ്വന്തം തട്ടകത്തില്‍ ഫൈനല്‍ കളിച്ച ഒരു ടീമും ജയിച്ചിട്ടില്ല എന്ന ‘ചരിത്രം’ തിരുത്തുക എന്ന ദൗത്യം കൂടി അവര്‍ക്കുണ്ട്. അതേസമയം, ഫേവറിറ്റുകളെന്ന ബാധ്യതയില്ലാതെ കളിക്കെത്തുന്ന ചെന്നൈ രണ്ടാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വന്ന ടീമുകളായിരുന്നു ബെംഗളുരുവും ചെന്നൈയും. 18 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായുള്ള ബെംഗളുരുവിന്റെ കുതിപ്പിനു മുന്നില്‍ അതുവരെ ലീഗിലെ പുലികളായിരുന്നവരെല്ലാം എലികളായി. രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ചെന്നൈ എട്ട് പോയിന്റ് പിറകിലായിരുന്നു. ഐ-ലീഗില്‍ തങ്ങളുടെ കന്നി സീസണില്‍ തന്നെ കപ്പടിച്ച് ചരിത്രം കുറിച്ച ബെംഗളുരു ഐ.എസ്.എല്ലിലും അത് ആവര്‍ത്തിക്കാനുള്ള വ്യഗ്രതയിലാണെന്നതു വ്യക്തം.
മികവ് അളക്കുക കണക്കുകള്‍ വെച്ചാണെങ്കില്‍ ബെംഗളുരുവിനു തന്നെയാണ് വിജയ സാധ്യതകളത്രയും. എന്നാല്‍, മറ്റു ചില ‘കണക്കു’കളാവട്ടെ ചെന്നൈയിന് പ്രതീക്ഷ പകരുകയും ചെയ്യുന്നു. റെഗുലര്‍ സീസണില്‍ ഏറ്റവുമധികം മത്സരങ്ങള്‍ (13) ജയിച്ച ടീം, ഏറ്റവുമധികം ഗോള്‍ (38) സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ടീം, ഏറ്റവും കുറവ് ഗോളുകള്‍ (16) വഴങ്ങിയ ടീം എന്നിങ്ങനെ പോകുന്നു ബെംഗളുരു മാഹാത്മ്യം. ഈ കണക്കുകളിലൊക്കെ ചെന്നൈയിന്‍ പിന്നാലെ തന്നെയുണ്ട്. എന്നാല്‍, റെഗുലര്‍ സീസണില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആരും ഇതുവരെ കപ്പടിച്ചിട്ടില്ല എന്നതും സ്വന്തം ഗ്രൗണ്ടില്‍ ആര്‍ക്കും കിരീടത്തില്‍ മുത്തമിടാനായിട്ടില്ല എന്നതും സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസത്തെ നേരിയ തോതിലെങ്കിലും ബാധിച്ചേക്കും.
അതേസമയം, ബെംഗളുരുവിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ ഫൈനലിനിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന വാശിയേറിയ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ ഗോള്‍ നേടിയ ജെജെ ലാല്‍പെഖ്‌ലുവ തന്നെയാണ് അവരുടെ തുറുപ്പു ചീട്ട്. എങ്ങിനെ കളി ജയിക്കണമെന്ന് അവരുടെ കോച്ച് ജോണ്‍ ഗ്രിഗറിയ്ക്ക് നന്നായി അറിയാം. ഗോവയുടെ കുന്തമുനകളായ കോറോയേയും ലാന്‍സറോട്ടെയും സെമി ഫൈനലില്‍ വരച്ച വരയില്‍ നിര്‍ത്തിയ ഗ്രിഗറിയുടെ കൈയില്‍ സുനില്‍ ഛേത്രിയേയും മിക്കുവിനേയും പിടിച്ചു കെട്ടാനുള്ള മന്ത്രവുമുണ്ടാകും. മിക്കുവും ഛേത്രിയും കൂടിയാണ് ബംഗളൂരുവിന്റെ 38 ഗോളുകളില്‍ 27 ഉം സ്‌കോര്‍ ചെയ്തത്.
നേരത്തെ ഐഎസ്എല്‍ ഫൈനലില്‍ കളിച്ച നിരവധി കളിക്കാര്‍ ഇപ്പോഴും ചെന്നൈയിന്‍ എഫ്സിയുടെ ഭാഗത്തുണ്ടെന്നത് ഗ്രിഗറിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മെയില്‍സണ്‍ ആല്‍വസ്, റാഫേല്‍ അഗസ്റ്റോ, ജെജെ, കരണ്‍ജിത് സിങ്, എന്നിവര്‍ 2015-ല്‍ കിരീടം നേടിയ സംഘത്തിലുണ്ടായിരുന്നവരാണ്. മലയാളി താരം മുഹമ്മദ് റാഫി രണ്ട് ഫൈനലുകളുടെ പരിചയവുമായാണ് ചെന്നൈയിലേക്ക് ചേക്കേറിയത്.