X

വഴി മുടക്കി കൊല്‍ക്കത്ത; ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍

കൊല്‍ക്കത്ത: സുന്ദരമായി കളിച്ചു… രണ്ട് വട്ടം മുന്നില്‍ കയറി… പക്ഷേ വിജയവും മൂന്ന് പോയിന്റും സമ്പാദിക്കാനാവാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍ അകപ്പെട്ടു.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു തവണ മുന്നില്‍ക്കയറിയ ബ്ലാസ്‌റ്റേഴ്‌സിനെ ആതിഥേയരായ കൊല്‍ക്കത്ത 2-2 സമനിലയില്‍ തളച്ചു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ ഇതുവരെ അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ബ്ലാസ്‌റ്റേഴ്‌സിനു ഇന്നലെയും ഈ ചരിത്രം തിരുത്താന്‍ കഴിഞ്ഞില്ല.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി 33 ാം മിനിറ്റില്‍ ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണ്‍ ആദ്യ ഗോള്‍ നേടി. കൊല്‍ക്കത്തയുടെ സമനില ഗോള്‍ റയന്‍ ടെയ്്‌ലറും സ്വന്തം പേരിലാക്കി. രണ്ടാം പകുതിയില്‍ ദിമിതാര്‍ ബെര്‍ബറ്റോവിന്റെ ഗോളിലൂടെ മുന്നില്‍ക്കയറിയ ബ്ലാസ്‌റ്റേഴ്‌സിനെ ടോം തോര്‍പ്പിന്റെ ഗോളിലൂടെ കൊല്‍ക്കത്ത പിടിച്ചു നിര്‍ത്തി.

സമനില ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യതതക്കു തിരിച്ചടിയായി. സമനിലയില്‍ നിന്നും ലഭിച്ച ഒരു പോയന്റ് ചേര്‍ത്താല്‍ ബ്ലാസ്‌റ്റേഴ്‌സിനു 21 പോയിന്റ്് ആയി. ഏക ആശ്വാസം ഗോവയെ മറികടന്നു അഞ്ചാം സ്ഥാനത്തേക്കു നീങ്ങുവാന്‍ കഴിഞ്ഞുവെന്നതാണ്. കളിയില്‍ 54 ശതമാനം ബോള്‍ പൊസിഷന്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചിരുന്നു. 10 തവണ ബ്ലാസ്‌റ്റേഴ്‌സ് ഓണ്‍ ടാര്‍ജറ്റില്‍ ഷോട്ടുകള്‍ ഉതിര്‍ത്തിരുന്നു. കൊല്‍ക്കത്ത ആറ് തവണയും
കൊല്‍ക്കത്തയുടെ റയന്‍ ടെയ്‌ലറാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍, ഇയാന്‍ ഹ്യൂം എന്നിവര്‍ക്കു പകരം ഗുഡിയോണ്‍ ബാള്‍വിന്‍സണും ദിമിതാര്‍ ബെര്‍ബറ്റോവും വന്നു. കൊല്‍ക്കത്തയുടെ നിരയിലും രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിനു പകരം ഗോള്‍ വലയം കാക്കുവാന്‍ സോറം പോയിറെയിയും റൂപ്പര്‍ട്ടിനു പകരം ടോം തോര്‍പ്പും ആദ്യ ഇലവനില്‍ വന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പകരക്കാരുടെ ബെഞ്ചിലേക്ക് റിനോ ആന്റോ, സിയാം ഹാങ്കല്‍, അരാത്ത ഇസുമി , പുള്‍ഗ എന്നിവര്‍ എത്തിയെങ്കിലും ഡല്‍ഹിക്കെതിരെ ഗോള്‍ നേടുകയും ഹീറോ ഓഫ് ദി മാച്ചുമായ ദീപേന്ദ്ര നേഗിയ്ക്കു ഇന്നലെയും സ്ഥാനം ലഭിച്ചില്ല.
കിക്കോഫിനു പിന്നാലെ ആദ്യ മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് കോര്‍ണറുകള്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചുവെങ്കിലും പ്രയോജനപ്പെട്ടില്ല. 10 ാം മിനിറ്റില്‍ കൊല്‍ക്കത്തക്കു ലഭിച്ച ആദ്യ കോര്‍ണറില്‍ മാര്‍്ട്ടിന്‍ പാറ്റേഴ്‌സന്റെ ഹെഡ്ഡര്‍ അപകടം ഉയര്‍ത്തി പോസ്റ്റിനരികിലൂടെ കടന്നുപോയി. 12 ാം മിനിറ്റില്‍ കീഗന്‍ പെരേരയുടെ 35 വാര അകലെ നിന്നുള്ള ലോങ് റേഞ്ചറും അപകടമണി മുഴക്കി അകന്നു. തുടക്കത്തിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍തൂക്കത്തിനു ശേഷം എ.ടി.കെ കളി കയ്യിലെടുക്കുകയായിരുന്നു. മാര്‍്ട്ടിന്‍ പാറ്റേഴ്‌സണ്‍ ഒ്ന്നിനു പുറകെ ഒന്നായി ബ്ലാസ്‌റ്റേഴ്‌സിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു 33ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പെക്കുസന്റെ ഇടതുവിംഗിലൂടെ വന്ന നീക്കം പ്രശാന്തിന്റെ അളന്നു കുറിച്ചു ബോക്‌സില്‍ നല്‍കി. ഐസ്‌ലാന്‍ഡ് സ്‌െ്രെടക്കര്‍ ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സണ്‍ ഹെഡ്ഡറിലൂടെ വലകുലുക്കി. ഗോള്‍ വീണതോടെ കൊല്‍ക്കത്ത സടകുടഞ്ഞെഴുന്നേറ്റു. 38ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. മിലന്‍സിംഗിന്റെ പിഴവിലാണ് ഗോള്‍ വന്നത്. മിലന്‍ സിംഗിന്റെ ബെര്‍ബറ്റോവിനു നല്‍കിയ പാസ് പിടിച്ചെടുത്ത റയന്‍ ടെയ്‌ലര്‍ നേരെ ഗോള്‍മുഖം ലക്ഷ്യമാക്കി. ലാല്‍റുവാതാരയുടെ കാലില്‍ തട്ടി ഗതിമാറി വന്ന പന്ത് ഗോള്‍കീപ്പര്‍ സുഭാഷിഷിന്റെ കണക്കുകൂട്ടല്‍ തെറ്റി വലയില്‍ കയറി.42ാം മിനിറ്റില്‍ പെക്കൂസന്റെ വെടിയുണ്ട ഷോട്ട് കൊല്‍ക്കത്ത ഡിഫന്‍ഡറുടെ കാലില്‍ തട്ടി പോസ്റ്റിനു തൊട്ടരുകിലൂടെ പുറത്തേക്കു പാഞ്ഞു. തോര്‍പ്പിന്റെ കാലില്‍ തട്ടിയുള്ള ഡിഫ്ഌഷനാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്.
ജിങ്കന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബാധിച്ചു.

ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്്‌സിന്റെ ലാല്‍റുവാതരക്കും പെസിച്ചിനും ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഇതില്‍ ലാല്‍റുവാതരക്കു ഇതോടെ മൊത്തം നാല് മഞ്ഞക്കാര്‍ഡുകള്‍ ആയതോടെ അടുത്ത മത്സരം നഷ്ടപ്പെടും. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത മൊണ്ടേലിനെ പിന്‍വലിച്ചു റൂപ്പര്‍ട്ടിനെ ഇറക്കി. 48ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ മനോഹരമായ ക്രോസും അതേപോലെ മനോഹരമായ ഗുഡിയോണിന്റെ ഹെഡ്ഡറും ഗോള്‍ മുഖത്തേക്ക് .എന്നാല്‍ കൊല്‍ക്കത്തയുടെ ഗോളി സോറം അനായാസം കരങ്ങളില്‍ ഒതുക്കി. 56ാം മിനിറ്റില്‍ ബള്‍ഗേറിയന്‍ ഇന്‍ര്‍ നാഷണല്‍ ദിമിതാര്‍ ബെര്‍ബതോവിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ കയറി. പെസിച്ചിന്റെ പാസില്‍ കിട്ടിയ അവസരം പാഴാക്കാതെ ബോക്‌സിനു മുന്നില്‍ നിന്നും ബെര്‍ബറ്റോവ് വലയിലേക്കു നിറയൊഴിച്ചു. റയന്‍ ടെയ്‌ലര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രശാന്തിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. ബോക്‌സിനു മുന്നില്‍ എത്തിയ പന്ത് പെസിച്ച് നേരെ ദിമിതാര്‍ ബെര്‍ബറ്റോവില്‍ എത്തിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ബെര്‍ബറ്റോവ് ആല്‍ക്കൂട്ടത്തിനിടയിലൂടെ പന്ത് വലയിലേക്കു ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു. 75ാം മിനിറ്റില്‍ കൊല്‍ക്കത്ത വീണ്ടും സമനില ഗോള്‍ കണ്ടെത്തി. കൊല്‍ക്കത്തയുടെ ആറാമത്തെ കോര്‍ണറിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്. സ്വന്തം എരിയയില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയതോടെ വട്ടമിട്ട കൊല്‍ക്കത്തയുടെ നീക്കം ലക്ഷ്യം കണ്ടെത്തി. റയന്‍ ടെയ്‌ലറിലേക്കു വന്ന പന്ത് നേരേ ബോക്‌സിലേക്കു ഹെഡ്ഡറിലൂടെ ലക്ഷ്യമാക്കുമ്പോള്‍ അവിടെ നിന്ന ടോം തോര്‍പ്പിനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കാര്‍ക്കു കഴിഞ്ഞില്ല. ഗോളി സുഭാഷിഷും പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്നു. ആയാസരഹിതമായി തോര്‍പ്പ് മറ്റൊരു ഹെഡ്ഡറിലൂടെ വലകുലുക്കി.80-ാം മിനിറ്റില്‍ ബെര്‍ബറ്റോവിനെ പിന്‍വലിച്ചു കന്നി മത്സരത്തിനു മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ഇറക്കി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ പെക്കൂസന്റെ ക്രോസില്‍ ബാള്‍വിന്‍സന്റെ ഹെഡ്ഡര്‍ ഗോള്‍ വലയത്തിനു മുന്നില്‍ വെച്ചു തോര്‍പ്പ് കഷ്ടിച്ചു രക്ഷപ്പെടുത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമോഹവും അവസാനിച്ചു. ബ്ലാസ്‌റ്റേഴ്‌സ് 17നു ഗോഹട്ടയില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനേയും കൊല്‍ക്കത്ത 18നു കൊല്‍ക്കത്തയില്‍ മുംബൈ സിറ്റി എഫ്.സിയേയും നേരിടും

chandrika: