X

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍; സെപ്തംബര്‍ 29ന് കിക്കോഫ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്തംബര്‍ 29ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയെ നേരിടും. എ.ടി.കെയുടെ ഗ്രൗണ്ടായ കൊല്‍ക്കത്ത വിവേകാനന്ദ യുവ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം. കഴിഞ്ഞ സീസണിലും ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെയും തമ്മിലായിരുന്നു ആദ്യ മത്സരം. ആദ്യ ഘട്ട ഫിക്‌സ്ചറില്‍ ഡിസംബര്‍ 16 വരെയുള്ള മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2019ല്‍ നടക്കുന്ന മത്സരങ്ങളുടെ ക്രമം പിന്നീട് പ്രഖ്യാപിക്കും.

സെപ്തംബര്‍ 30ന് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ബെംഗളുരു എഫ്.സിയും നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടും. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബര്‍ അഞ്ചിന് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. ഒക്‌ടോബര്‍ 29ന് ജംഷെഡ്പൂര്‍ എഫ്.സിക്കെതിരെയാണ് ആദ്യ എവേ മത്സരം.

കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ ദിവസവും ഒരു മത്സരം മാത്രമാണുള്ളത്. കഴിഞ്ഞ സീസണില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മത്സരങ്ങള്‍ വീതം നടത്തിയിരുന്നു. കിക്കോഫ് സമയത്തിലും മാറ്റമുണ്ട്. പുതിയ സീസണില്‍ വൈകിട്ട് 7.30നായിരിക്കും എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. അന്താരാഷ്ട്ര മത്സരങ്ങള്‍ പരിഗണിച്ച് ഇക്കുറി ഐഎസ്എല്‍ സീസണിനിടയില്‍ മൂന്ന് ഇടവേളകളുമുണ്ടാവും. ഒക്ടോബര്‍ എട്ട് മുതല്‍ പതിനാറ് വരെയും നവംബര്‍ 12 മുതല്‍ ഇരുപത് വരെയും ഫിഫ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഐഎസ്എല്‍ മത്സരങ്ങളുണ്ടാകില്ല. ഡിസംബര്‍ 17 മുതല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിനെ തുടര്‍ന്നും ഐഎസ്എലിന് ഇടവേളയുണ്ടാകും.

ഐ.എസ്.എല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സര ക്രമം

(തീയതി, എതിരാളികള്‍, വേദി എന്ന ക്രമത്തില്‍)
സെപ്തംബര്‍-29-എടികെ-കൊല്‍ക്കത്ത
ഒക്‌ടോബര്‍-05-മുംബൈ സിറ്റി-കൊച്ചി
ഒക്‌ടോബര്‍-20-ഡല്‍ഹി ഡൈനാമോസ്-കൊച്ചി
ഒക്‌ടോബര്‍-29-ജംഷെഡ്പൂര്‍ എഫ്.സി-ജംഷെഡ്പൂര്‍
നവംബര്‍-02-എഫ്‌സി പൂനെ സിറ്റി-പൂനെ
നവംബര്‍-05-ബെംഗളൂരു എഫ്.സി-കൊച്ചി
നവംബര്‍-11-എഫ്.സി ഗോവ-കൊച്ചി
നവംബര്‍-23-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ഗുവാഹത്തി
നവംബര്‍-29-ചെന്നൈയിന്‍ എഫ്.സി-ചെന്നൈ
ഡിസംബര്‍-04-ജംഷെഡ്പൂര്‍ എഫ്.സി-കൊച്ചി
ഡിസംബര്‍-07-പൂനെ സിറ്റി-കൊച്ചി
ഡിസംബര്‍-16-മുംബൈ സിറ്റി-മുംബൈ

chandrika: