കൊച്ചി: 27 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും സ്വന്തം കളിമുറ്റത്തിറങ്ങുന്നു. നിര്‍ണായകമായ അവസാന ഹോം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി എട്ടിന് കിക്കോഫ്.
കഴിഞ്ഞ നാലു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിഞ്ഞിട്ടില്ല, ലീഗില്‍ അവസാന അഞ്ചു മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ പോയിന്റുകള്‍ നേടിയ ടീമെന്ന നേട്ടവുമുണ്ട്. പ്ലേ ഓഫ് സാധ്യതയിലേക്കുള്ള അകലം കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാവൂ. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അത്രയും മത്സരങ്ങളില്‍ നിന്ന് ചെന്നൈയിന് 28 പോയിന്റുണ്ട്. മാര്‍ച്ച് ഒന്നിന് ബെംഗളൂരു എഫ്.സിക്കെതിരെയുള്ള മത്സരം മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. ഇരമ്പിയാര്‍ക്കുന്ന മഞ്ഞപ്പടയുടെ മുന്നില്‍ ഈ സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ കലാശ പോരാട്ടത്തെക്കാള്‍ സമ്മര്‍ദമാണ് സന്ദേശ് ജിങ്കനും സംഘവും അനുഭവിക്കുന്നത്. ജയിച്ചാല്‍ കണക്കിലെ കണക്കുകളില്‍ വിശ്വസിച്ചു കളത്തില്‍ നിന്നു കയറാം, തോല്‍വിയാണ് ഫലമെങ്കില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കും.
കഴിഞ്ഞ സീസണുകളില്‍ ടീമിന് ഭാഗ്യം സമ്മാനിച്ച ഗ്രൗണ്ടാണ് കൊച്ചിയിലേതെങ്കില്‍ ഇത്തവണ അതുണ്ടായില്ല. ഇതുവരെ എട്ടു ഹോം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രം. നാലു കളികള്‍ സമനിലയായി. ബെംഗളൂരുവിനോടും ഗോവയോടും തോറ്റു. സീസണിലെ അവസാന മത്സരം കാണാന്‍ ക്യാപ്റ്റന്‍ സിനിമയിലെ നായകന്‍ ജയസൂര്യ, അഡാര്‍ ലവ് താരം പ്രിയ വാര്യര്‍ എന്നിവര്‍ ഇന്ന് നെഹ്‌റു സ്റ്റേഡിയത്തിലെത്തും. മികച്ച ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇടതു വിങില്‍ കരുത്തരായ എതിരാളിയുടെ നീക്കങ്ങള്‍ പോലും നിഷ്പ്രഭമാക്കുന്ന ഇരുപത്തിമൂന്നുകാരന്‍ ലാല്‍റുത്താര ഇന്ന് കളത്തില്‍ തിരിച്ചെത്തും. സീസണിലെ നാലാം മഞ്ഞക്കാര്‍ഡ് ലഭിച്ച ലാല്‍റുത്താരക്ക് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. കരുത്തരായ ചെന്നൈയിനെതിരെ ലാല്‍റുത്താര തിരിച്ചെത്തുന്നത് ബ്ലാസറ്റേഴ്‌സ് ക്യാമ്പിന് ആശ്വാസമാവും. ദിമിതര്‍ ബെര്‍ബറ്റോവിന്റെ മികച്ച ഫോമും ഗുഡ്‌ജോണ്‍ ബാള്‍ഡ്‌വിന്‍സണ്‍, പുള്‍ഗ എന്നിവരുടെ വരവും ടീമിന് പുതിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
ചെന്നൈയിനെതിരെ ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമനില (1-1) പിടിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പ്ലേഓഫ് സ്ഥാനത്തിന് സിമന്റ് പാകാന്‍ ചെന്നൈയിനാവും. മുഖ്യ പരിശീലകനായി ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുമ്പോള്‍ തന്റെ അനുഭവസമ്പത്തിനെപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. എന്നാല്‍, ആദ്യ ദിവസം മുതല്‍ ടീമിനെ ഒത്തൊരുമിപ്പിച്ചു കൊണ്ടു പോകാനായി. അവസാന ആറു മത്സരങ്ങള്‍ ജയിക്കണമെന്ന വാശിയോടെയാണു തുടക്കമിട്ടത്. കൊല്‍ക്കത്തയുമായുളള പോരാട്ടം സമനിലയായത് കണക്കുക്കൂട്ടലില്‍ ചെറിയ പാളിച്ച വരുത്തി. ഹോം സ്‌റ്റേഡിയത്തിന്റെ പരമാവധി പിന്തുണ മുതലെടുക്കുകയാണ് ഇന്നത്തെ ലക്ഷ്യം-അദ്ദേഹം പറഞ്ഞു. ഇന്ന് ജയം മാത്രമാണ് ലക്ഷ്യമെന്ന് ചെന്നൈ കോച്ച് ഗ്രിഗറി പറഞ്ഞു. രണ്ടു കളികള്‍ കൂടി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനും ഇതു നിര്‍ണായക പോരാട്ടമാണ്. ഞങ്ങള്‍ മികച്ച ഫോമിലാണ്. ഒരു താരത്തെപ്പോലും പരിക്ക് അലട്ടുന്നില്ല. ഇതുവരെ നടത്തിയ പ്രകടനം തുടരാന്‍ കഴിയുമെന്നു തന്നെയാണു പ്രതീക്ഷ.