അഷ്‌റഫ് തൈവളപ്പ്
കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഇരട്ട ഗോളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരായ സതേണ്‍ ഡെര്‍ബിയില്‍ ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല വിജയം, ഗോവക്കെതിരെ രണ്ടു വട്ടം ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷം ജയിച്ചു കയറിയ ബ്ലാസ്റ്റേഴ്‌സ് ആ മികവ് ഇന്നലെ ചെന്നൈയിനെതിരെയും ആവര്‍ത്തിച്ചു. മെന്‍ഡിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനെ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 85, 89 മിനുറ്റുകളില്‍ സി.കെ വിനീതും 67ാം മിനുറ്റില്‍ പകരക്കാരന്‍ ബോറിസ് കാദിയോയുമാണ് കേരളത്തിനായി എതിര്‍വല ചലിപ്പിച്ചത്. 22ാം മിനുറ്റിലായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോള്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സി.കെ വീനിത് വിജയ ഗോള്‍ നേടുന്നത്. ആകെ രണ്ടു മത്സരങ്ങള്‍ മാത്രം കളിച്ച വിനീത് മൂന്ന് ഗോള്‍ നേട്ടവുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡിങ് സ്‌കോററായി. നാലാം ജയത്തോടെ 15 പോയിന്റുമായി കേരളം മുംബൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. മത്സരത്തിന് മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്നു ടീം.19ന് മുംബൈ എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയിന്റെ സെമിസാധ്യതകള്‍ പരുങ്ങലിലായി. 53,000 ആരാധകര്‍ക്ക് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മാസ്മരിക വിജയം.
ചെന്നൈയിന്റെ ആദ്യ പകുതി
4-3-1-2 ഫോര്‍മേഷനില്‍ ഒരേയൊരു മാറ്റമാണ് ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയത്. സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയെ സൈഡ് ബെഞ്ചിലിരുത്തി സി.കെ വിനീതിന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കി. ബെല്‍ഫോര്‍ട്ടിനായിരുന്നു ആക്രമണത്തിന് കൂട്ടുത്തരവാദിത്വം. ചോപ്ര തൊട്ടുപിറകില്‍ നിന്നു. മധ്യനിരയിലും പ്രതിരോധത്തിലും ബാറിന് കീഴിലും മാറ്റമുണ്ടായില്ല. ഓരോ മത്സരത്തിലും ശരാശരി നാലു മാറ്റങ്ങള്‍ വരുത്താറുള്ള ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസി ഇന്നലെയും പതിവ് തെറ്റിച്ചില്ല, ഡല്‍ഹിക്കെതിരെ അതിദയനീയമായി തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങളാണ് മറ്റരാസി വരുത്തി,യത്് 3-4-3 ശൈലിയിലായിരുന്നു ചെന്നൈയിന്റെ കളിയിറക്കം. സീസണില്‍ ആദ്യമായി മലയാളി സക്കീര്‍ മുണ്ടംപാറക്കും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. 19ാം മിനുറ്റില്‍ കേരളത്തിന് ലീഡ് നേടാനൊരു സുവര്‍ണാവസരമൊത്തു. വലതു വിങില്‍ നിന്ന് റഫീഖ് ബോക്‌സിലേക്ക് നീട്ടിനല്‍കിയ ലോ ക്രോസ് പിന്നില്‍ ആളുണ്ടെന്ന ധാരണയില്‍ ബെല്‍ഫോര്‍ട്ട് തൊടാതെ വിട്ടു, വലക്ക് മുന്നില്‍ ഗോളി മാത്രമായിരുന്നു അപ്പോള്‍ തടസ്സം, പക്ഷേ ആ തെറ്റിദ്ധാരണക്ക് വലിയ വില നല്‍കേണ്ടി വന്നു ബ്ലാസ്‌റ്റേഴ്‌സ്. 22ാം മിനുറ്റില്‍ ചെന്നൈയിന്‍, നായകന്‍ മെന്‍ഡിയിലൂടെ അര്‍ഹിച്ച ലീഡ് നേടി. മൈതാന മധ്യത്തില്‍ നിന്ന് റാഫേല്‍ അഗസ്റ്റോ നല്‍കിയ പാസുമായി ഇടതുവിങിലൂടെ ഒറ്റക്ക് കുതിച്ച മെന്‍ഡി തടയാന്‍ വന്നവരെ തന്ത്രപൂര്‍വം കബളിപ്പിച്ച് ബോക്‌സിലേക്ക്. ബ്ലാസ്‌റ്റേഴ്‌സിന്റെ പേരുകേട്ട പ്രതിരോധ നിരയെ കാഴ്ച്ചക്കാരാക്കി മെന്‍ഡിയുടെ ഷോട്ട് ജിങ്കാന്റെ കാലില്‍ തട്ടി വളഞ്ഞ് വലയുടെ വലത് ഭാഗത്ത് വിശ്രമിച്ചു, ചെന്നൈ മുന്നില്‍, ഗാലറി നിശബ്ദം. തൊട്ടുപിന്നാലെ പരിക്കേറ്റ് ബെല്‍ഫോര്‍ട്ട് മടങ്ങി.
വിജയാവര്‍ത്തനം
ചോപ്രയെ മാറ്റി ബോറിസ് കാദിയോയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിക്കിറങ്ങിയത്. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുക എന്ന ശൈലി ചെന്നൈയിനെതിരെയും കേരളം തുടര്‍ന്നു. 54ാം മിനുറ്റില്‍ പന്തുമായി ഒറ്റക്ക് ബോക്‌സിലേക്ക് മുന്നേറിയ ജെര്‍മെയ്‌നെ അഡ്വാന്‍സ് ചെയ്ത ഗോളി വീഴ്ത്തി, പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും ഫൗള്‍ കാണാതിരുന്ന ശ്രീലങ്കന്‍ റഫറി ജമിനി റോബെഷ് ജെര്‍മെയ്‌ന് മഞ്ഞക്കാര്‍ഡ് നല്‍കി ഗാലറിയെയും താരത്തെയും ഞെട്ടിച്ചു. പിറകെ അമ്പതിനായിരത്തോളം കാണികള്‍ കാത്തിരുന്ന ഗോളെത്തി. ലോങ്‌ബോളില്‍ നിന്ന് ഇടതുവിങിലൂടെ ജെര്‍മെയ്‌ന്റെ മുന്നേറ്റം, തടയാനെത്തിയ ഏലി സാബിയ ഓഫ്‌സൈഡ് വിളിക്കായി കാത്തെങ്കിലും അതുണ്ടായില്ല, അപ്പോഴേക്കും ജെര്‍മെയ്ന്‍ വലയുടെ തൊട്ടുമുന്നിലെത്തിയിരുന്നു. അഞ്ചു പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ജനറല്‍ കാദിയോക്ക് ജെര്‍മെയ്‌ന്റെ പാസ്, ക്ലോസ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റാതെ കാദിയോയുടെ ഷോട്ട്, സമനില ഗോള്‍, ഗാലറി പൊട്ടിത്തെറിച്ചു. ലീഡ് വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു, റിനോ ആന്റോ പകരക്കാരനായി കളത്തിലെത്തി, 85ാം മിനുറ്റില്‍ സി.കെ വിനീതിലൂടെ ലീഡെത്തി, ഇടത് വിങില്‍ നിന്ന് ഹോസു നല്‍കിയ ഹൈബോള്‍ ഗോളിയുടെ കയ്യിലും ഡല്‍ഹി ഡിഫന്ററുടെ കാലിലും തട്ടി വിനീതിലേക്ക്, ഉഗ്രന്‍ ഷോട്ടിലൂടെ വിനീത് പന്ത് വലയിലെത്തിച്ചു, ആരവങ്ങള്‍ അടങ്ങും മുമ്പ് 89ാം മിനുറ്റില്‍ വീണ്ടും വിനീതിലൂടെ വിജയ ഗോളെത്തി, സ്വന്തം പകുതിയില്‍ നിന്ന് ജെര്‍മെയ്ന്‍ നല്‍കിയ പാസുമായി മുന്നേറിയ വിനീത് ബോക്‌സിന് പുറത്തേക്ക്് അഡ്വാന്‍സ് ചെയ്ത ഗോളിയെ കബളിപ്പിച്ച് തൊടുത്ത ലോങ് ഷോട്ട് കൃത്യം വലയില്‍ പതിച്ചു.