കമാല്‍ വരദൂര്‍
അന്റോണിയോ ജര്‍മന്‍ സുന്ദരമായി കളിച്ചു, മുഹമ്മദ് റഫീക് അതിവേഗതയില്‍ മുന്നേറി, ജോസു പ്രിറ്റോ വിംഗുകളില്‍ കുതിപ്പ് നടത്തി-പക്ഷേ ഇന്നലെയും തോല്‍ക്കാനായിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. എന്താണ് സംഭവിച്ചത് എന്ന പതിവ് ചോദ്യത്തിനുത്തരവും പഴയത് തന്നെ-ഏകോപനത്തിന് ആളില്ലായിരുന്നു. വ്യക്തിഗത മികവല്ലല്ലോ ഫുട്‌ബോള്‍-പതിനൊന്ന് പേരുടെ കഠിനാദ്ധ്വാനത്തിന്റെ കരുത്ത് കാണാന്‍ ഒഴുകിയെത്തിയ അറുപതിനായിരത്തിലധികം പേരുടെ മനസ്സ് നിറച്ച ഫുട്‌ബോളാണ് മൈതാനത്ത് നടന്നത്.
വേഗമാര്‍ന്ന നീക്കങ്ങള്‍, ഗോള്‍ ഷോട്ടുകള്‍, നല്ല സേവുകള്‍, ഇടക്ക് നല്ല ഉരസലും-കാല്‍പ്പന്തിലെ ആവേശ സമവാക്യങ്ങളെല്ലാം ചേരുംപടി ചേര്‍ന്നെങ്കിലും അമ്പത്തിമൂന്നാം മിനുട്ടിലെ സന്ദേശ് ജിംഗാന്റെ ഇടപെടല്‍-അത് മാത്രമായിരുന്നു പ്രശ്‌നം. അതില്‍ നഷ്ടമായത് വിലപ്പെട്ട പോയന്റുകളാണ്. ഒന്നാം തരം സെന്‍ട്രല്‍ ഡിഫന്‍ഡറാണ് ജിംഗാന്‍. പക്ഷേ അദ്ദേഹത്തിന് ആഗ്രഹിച്ച റോള്‍ നല്‍കുന്നില്ല പരിശീലകന്‍, ഇടത് വിംഗില്‍് താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും അവിടെ കളിക്കേണ്ടി വരുന്നു-സമ്മര്‍ദ്ദഘട്ടത്തില്‍ പിഴക്കുന്നു. ജിംഗാന് ഇന്നലെ മൂന്ന് വട്ടം സ്വന്തം പെനാല്‍ട്ടി ബോക്‌സില്‍ പിഴച്ചു-അതിലൊന്നാണ് ഗോളായത്.
പ്ലേ മേക്കറുടെ കുപ്പായത്തില്‍ കുതിക്കാന്‍ കൊതിച്ചിരുന്ന ഹോസുവിന് വലത് വിംഗിലാണ് ജോലി നല്‍കിയത്. മധ്യനിരയില്‍ നാല് പേരുണ്ടായിരുന്നു-അവരില്‍ റഫീക്ക് മാത്രമായിരുന്നു അധ്വാനി. രണ്ടാം പകുതിയിലിറങ്ങിയ ചോപ്രയുടെ ചില ഫ്‌ളിക്കുകള്‍ മെച്ചപ്പെട്ടതായിരുന്നു. ജര്‍മനെ പോലെ ഒരു മുന്‍നിരക്കാരന്‍ ഏത് ടീമിന്റെയും മുതല്‍ക്കൂട്ടാണ്-അദ്ദേഹത്തിനൊപ്പം ആദ്യ മല്‍സരത്തില്‍ റാഫിയായിരുന്നെങ്കില്‍ ഇന്നലെ നാസോണായിരുന്നു.
കുറച്ച് കൂടി നല്ലത് റാഫിയായിരുന്നു എന്ന് നാസോണ്‍ തന്നെ തെളിയിച്ചു. കൊല്‍ക്കത്തക്കാരില്‍ അര്‍ണാബും ടിരിയും പിന്‍നിരയില്‍ പ്രകടിപ്പിച്ച ജാഗ്രതക്ക് മാര്‍ക്കിടണം-ജര്‍മനെ പിടിച്ചുകെട്ടാന്‍ ഇവര്‍ അതീവ താല്‍പ്പര്യത്തിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ അതിവേഗക്കാരന്‍ സമീഗ ദോത്തിക്കും ഇയാന്‍ ഹ്യൂമിനും അപകടകാരികളാവാന്‍ കഴഞ്ഞില്ലെങ്കിലും ഗോള്‍വേട്ടക്കാരനായ ജാരി ലാറ എന്ന സ്പാനിഷ് താരത്തിന്റെ അവസരോചിത ഇടപെടലുകള്‍ക്ക് കാര്യമുണ്ടായി.
രണ്ട് മല്‍സരങ്ങളില്‍ നിന്ന് പോയന്റില്ല ബ്ലാസ്‌റ്റേഴ്‌സിന്. പക്ഷേ ഗോഹട്ടിയില്‍ നിന്നും കൊച്ചിയിലെത്തിയപ്പോള്‍ ടീം മെച്ചപ്പെട്ടിരിക്കുന്നു-പ്രതീക്ഷകള്‍ അവസാനിപ്പിക്കാനായിട്ടില്ല.