X

ഒരു ലക്ഷം സിവിലിയന്മാരെ മനുഷ്യകവചമാക്കി ഐഎസ്

ജനീവ: ഇറാഖിലെ മൊസൂളില്‍ ദുരിതം പേറി ഒരു ലക്ഷത്തോളം സിവിലിയന്മാര്‍. ഐഎസ് തീവ്രവാദികള്‍ ഒരു ലക്ഷത്തോളം സിവിലിയന്മാരെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതായി യുഎന്‍. മൊസൂളിന് സമീപത്തെ പ്രവിശ്യകളില്‍ നിന്നു സാധാരണക്കാരെ ബലം പ്രയോഗിച്ച് മൊസൂളില്‍ എത്തിക്കുകയും പിന്നീട് മനുഷ്യകവചമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഐഎസ് 2014ല്‍ പിടിച്ചെടുത്ത മൊസൂളിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാന്‍ ഇറാഖി സേന പോരാട്ടം നടത്തുകയാണ്. സൈന്യം ഓരോ സ്ഥലങ്ങളും നിയന്ത്രണത്തിലാക്കുമ്പോള്‍ അവിടെ നിന്നു പിന്‍വാങ്ങുന്ന ഐഎസ് പോരാളികള്‍ സിവിലിയന്മാരെയും കൊണ്ടാണ് പിന്‍വാങ്ങുന്നത്. പോരാട്ടം തുടരുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ, വൈദ്യുതിയോ ഇല്ല. രക്ഷപെടാന്‍ ശ്രമിക്കുന്നവരെ ഐഎസ് വെടിവച്ചൂ കൊലപ്പെടുത്തുകയാണെന്നും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രതിനിധി ബ്രൂണോ ഗെഡ്ഡോ പറഞ്ഞു. ഒന്‍പത് മാസം മുന്‍പാണ് മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള രൂക്ഷമായ പോരാട്ടം ആരംഭിച്ചത്. ഇക്കാലങ്ങളില്‍ 862000 പേര്‍ ഇവിടെ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇതില്‍ 195000 പേര്‍ തിരികെയെത്തി. ഇവര്‍ ഐഎസിന് നിയന്ത്രണം നഷ്ടപെട്ട മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണുള്ളത്. ബാക്കിയുള്ള 667000 പേര്‍ ഇപ്പോഴും യുഎന്‍ ക്യാമ്പിലോ മറ്റു സ്ഥലങ്ങളിലോ ആണുള്ളത്. അഞ്ച് ലക്ഷം പേര്‍ക്ക് സഹായം എത്തിക്കാന്‍ യുഎന്നിന് കഴിഞ്ഞു.

chandrika: