ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് തുനീഷ്യന്‍ യുവാവിനുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. അനീസ് എ എന്ന തുനീഷ്യക്കാരന്റെ ഇമിഗ്രേഷന്‍ രേഖകള്‍ ട്രക്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട ഇയാളെയാണ് ജര്‍മന്‍ അധികാരികള്‍ തെരയുന്നത്.
ആക്രമണത്തില്‍ 49 പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടാം ലോകമഹായുദ്ധ സ്മാരകമായി സെന്‍ട്രല്‍ ബെര്‍ലിനില്‍ നിലനിര്‍ത്തിയ കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. ട്രക്കില്‍നിന്ന് കിട്ടിയ താല്‍ക്കാലിക പെര്‍മിറ്റ് അനുവദിച്ചത് നോര്‍ത്ത് റിനെ വെസ്റ്റ്ഫാലിയയിലാണ്. പോളിഷ് ട്രാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പൊളണ്ടുകാരനായ ട്രക്ക് ഡ്രൈവര്‍ ലുക്കാസ് അര്‍ബനെ വാഹനത്തിന്റെ കാബിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
മാര്‍ക്കറ്റിലേക്ക് വാഹനം ഇടിച്ചകയറ്റുന്നതിനുമുമ്പ് ഡ്രൈവറും അക്രമിയും തമ്മില്‍ സ്റ്റിയറിങിനുവേണ്ടി മല്‍പിടിത്തുമുണ്ടായതായി സംശയമുണ്ട്. ആക്രമണം നടന്ന് തൊട്ടുടനെയാണ് ഡ്രൈവര്‍ വെടിയേറ്റ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വാഹനത്തില്‍നിന്ന് തോക്ക് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ലുക്കാസ് അര്‍ബന്റെ മുഖം രക്തംപടര്‍ന്ന് വീങ്ങിയ നിലയിലാണ.് അര്‍ബന്‍ ശാന്തനും സത്യസന്ധനുമായിരുന്നുവെന്ന് പോളിഷ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ ഏരിയല്‍ സുറോസ്‌കി പറഞ്ഞു.
ദൃക്‌സാക്ഷി മൊഴികളുടെയും ട്രക്ക് കാബിനില്‍നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിളുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമിയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സരെ വിശ്വാസം പ്രകടിപ്പിച്ചു. ആക്രമണം നടന്ന ഉടന്‍ മാര്‍ക്കറ്റില്‍നിന്ന് പിടികൂടിയ പാകിസ്താന്‍ വംശജനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഭയാര്‍ത്ഥിയാണ് ആക്രമണത്തിനു പിന്നിലെന്ന വാര്‍ത്ത ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തതാണ് ഇത്തരം ആക്രമണങ്ങള്‍ക്കു കാരണമെന്ന് കുടിയേറ്റ വിരുദ്ധരായ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു.