X

12 ഐ.എസ് തീവ്രവാദികളെ ഇറാഖ് തൂക്കിലേറ്റും

 

ബാഗ്ദാദ്: ഇറാഖിലെ തടവറയില്‍ കഴിയുന്ന തീവ്രവാദികളെ തൂക്കിലേറ്റാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ കോടതി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും ശിക്ഷ വിധിക്കാനും പ്രധാനമന്ത്രി ഹൈദര്‍ ആബാദി നിര്‍ദേശം നല്‍കി. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനെ തട്ടികൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 12 പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഇവരുടെ ശിക്ഷാ വിധികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും അബാദി നിര്‍ദേശം നല്‍കി.
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ശിക്ഷ ഉടന്‍ നടപ്പാക്കാനുള്ള നീക്കം. അവസാന വിധി ന്യായം പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭരണകൂട വക്താവ് അറിയിച്ചു. തൂക്കിലേറ്റുന്നവരുടെ വിശദ വിവരങ്ങള്‍ ഭരണകൂടം പുറത്തു വിട്ടിട്ടില്ല. തടവില്‍ കഴിയുന്ന തീവ്രവാദികളെ വിട്ടുകിട്ടാനായാണ് സുരക്ഷാ സൈനികരെ തട്ടികൊണ്ടു പോയത്. ഇവരെ ക്രൂരമായി അക്രമിച്ച ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രവാദികള്‍ പിടിയിലായി. സൈനികരെ തട്ടിയെടുത്ത ശേഷം ഇവരുടെ വീഡിയോകള്‍ തീവ്രവാദികള്‍ ഓണ്‍ലൈനില്‍ കൂടി പ്രചരിപ്പിച്ചിരുന്നു. പിടിയിലായ തീവ്രവാദികളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് സൈനികരെ തട്ടികൊണ്ടു പോയത്. എന്നാല്‍, ഭരണകൂടം വഴങ്ങിയില്ല. തീവ്രവാദികളുടെ വാദം പൊള്ളയാണെന്ന് സൈനിക വക്താവ് പറഞ്ഞു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൊന്നൊടുക്കിയതായും തടവില്‍ കഴിയുന്നവരെ വിട്ടുകിട്ടണമെന്ന ആവശ്യത്തിന് ന്യായമില്ലെന്നും സൈനിക വക്താവ് അറിയിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഐഎസിന്റെ തനതു ശൈലിയാണെന്ന് ഭരണകൂട വക്താക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സൈനികരുടെ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വിലപേശല്‍ മാത്രമാണ് തീവ്രവാദികള്‍ നടത്തിയതെന്നും വക്താവ് പറഞ്ഞു. ഡിസംബറില്‍ രാജ്യം തീവ്രവാദികളില്‍ നിന്നു മുക്തമായതായി അബാദി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം നടത്തുന്നത്.
പത്തിലധികം പേരെ ഇറാഖില്‍ തൂക്കിലേറ്റുന്നത് രാജ്യത്തെ ആദ്യസംഭവമല്ല. 2017 ഡിസംബറില്‍ 38 ഐഎസ് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ തൂക്കിലേറ്റിയത്. തെക്കന്‍ ഇറാഖിലെ നസ്‌റിയ നഗരത്തില്‍ തടവില്‍ കഴിഞ്ഞവരായിരുന്നു ഇവര്‍. ഒരേ ദിവസമാണ് 38 പേരുടെയും ശിക്ഷ നടപ്പാക്കിയത്.
ഇറാഖില്‍ നൂറുകണക്കിന് പേരാണ് തടവില്‍ കഴിയുന്നത്. ഇവരില്‍ ഏറെപേരും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരാണ്. 700 വിദേശ വനിതകള്‍ ഇറാഖില്‍ വിചാരണ തടവുകാരായി കഴിയുന്നതായാണ് രേഖകള്‍. ഇതില്‍ ഒരാളെ കഴിഞ്ഞ ജനുവരിയില്‍ തൂക്കിലേറ്റിയിരുന്നു. വിചാരണ നടത്തുന്നതില്‍ ഇറാഖ് ഏറെ പിന്നിലാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷക ബില്‍ക്കിസ് വില്ലെ വ്യക്തമാക്കി.
ഇതിനിടെ ഒരു വിഭാഗം തീവ്രവാദികള്‍ സിറിയന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതായും ഇറാഖിന് നേരെ ആക്രമണം നടത്തുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ പതുങ്ങിയിരുന്ന് ആക്രമണവും ബോംബ് വര്‍ഷവും നടത്തുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ തലസ്ഥാന നഗരമായ ബാഗ്ദാദില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘത്തെ സൈന്യം പിടികൂടി.

chandrika: