ദമസ്‌ക്കസ്: സിറിയയില്‍ നിന്നു തോറ്റു മടങ്ങുന്നതിനു മുന്‍പ് സാധാരണക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കി ഐഎസ് തീവ്രവാദികള്‍. 20 ദിവസത്തിനകം 128 പേരെയാണ് ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സന്നദ്ധ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.
മേഖലയിലെ സംഭവവികാസങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള സംഘടനയാണിത്. സിറിയയിലെ അല്‍–ക്വാറ്യടയ്ന്‍ നഗരത്തിലെ ജനങ്ങള്‍ക്കു നേരെയാണ് ഈ ക്രൂരത അരങ്ങേറിയതെന്നും സന്നദ്ധസംഘടന വ്യക്തമാക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ ആദ്യമാണ് സൈന്യത്തില്‍നിന്ന് ഐഎസ് ഭീകരര്‍ അല്‍–ക്വാറ്യടയ്ന്‍ നഗരം തിരിച്ചുപിടിച്ചത്. തുടര്‍ന്നായിരുന്നു ജനങ്ങള്‍ക്കു നേരെ ക്രൂരത. 48 മണിക്കൂറിനകം 83 പേര്‍ ഭീകരരുടെ തോക്കിനിരയായി. ഭരണകൂടത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകങ്ങള്‍. മൂന്നാഴ്ചയോളം ഈ അതിക്രമം തുടര്‍ന്നു. പലരെയും ദിവസങ്ങളോളം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ജനങ്ങളെ കൊന്നെടുക്കുകയും തടവിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് അല്‍–ക്വാറ്യടയ്‌നിലേക്ക് ഇരച്ചെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയോടെ നഗരം പൂര്‍ണമായും സൈന്യത്തിന്റെ അധീനതയിലായി. ഐഎസ് ഭീകരരെ മേഖലയില്‍ നിന്നു പൂര്‍ണമായും ഇല്ലാതാക്കിയെന്നും സൈന്യം അറിയിച്ചു.
സിറിയയുടെ കിഴക്കുള്ള ദെയ്ര്‍ അല്‍ സോര്‍ നഗരത്തില്‍ നിന്ന് 300 കിലോമീറ്റര്‍ മാറിയാണ് അല്‍–ക്വാറ്യടയ്ന്‍ നഗരം. റാഖയില്‍ നിന്ന് ഐഎസിനെ തുരത്തിയതിനു ശേഷം ഇപ്പോള്‍ ദെയ്ര്‍–അല്‍ സോര്‍ കേന്ദ്രീകരിച്ചാണ് ഐഎസിനെതിരെയുള്ള സൈന്യത്തിന്റെ പോരാട്ടം. റഷ്യന്‍ വ്യോമസേനയും ഇറാന്‍ സൈന്യവും ഇവിടെ സിറിയയ്ക്കു പിന്തുണയുമായെത്തിയിട്ടുണ്ട്. യുഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്തുള്ള അല്‍–ഒമര്‍ എണ്ണപ്പാടം ഐഎസ് ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്.