X

അഫ്ഗാനില്‍ ഐ.എസ് ചാവേറാക്രമണം; 36 മരണം

 

കാബൂള്‍: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനുനേരെ ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന അഫ്ഗാന്‍ സൈനികരെയും താലിബാന്‍ പോരാളികളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൈനികരും താലിബാന്‍ പോരാളികളും സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ പെടും.
ജലാലാബാദില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ റോദത്ത് ജില്ലയിലാണ് ആക്രമണമുണ്ടായത്. അഫ്ഗാനിസ്താന്റെ പല ഭാഗങ്ങളിലും സൈനികരും താലിബാന്‍കാരും ശത്രുത മറന്ന് ഈദ് ആഘോഷത്തില്‍ പങ്കെടുക്കുകയും സെല്‍ഫി എടുക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. സമാധാന പ്രതീക്ഷകള്‍ നല്‍കിയ പരിപാടിക്ക് നേരെയാണ് ഐ.എസ് ഭീകരര്‍ ആക്രമണം നടത്തിയത്.
അതേസമയം പ്രസിഡന്റ് അഷ്‌റഫ് ഗനി വീണ്ടും വെടിനിര്‍ത്തല്‍ കാലാവധി നീട്ടി. സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ഐ.എസ് ഭീകരര്‍ക്കെതിരെ ആക്രമണം തുടരും. വെടിനിര്‍ത്തല്‍ തുടരാന്‍ അദ്ദേഹം താലിബാനോടും ആവശ്യപ്പെട്ടു. ഈദുല്‍ ഫിത്വറിന്റെയും വെടിനിര്‍ത്തലിന്റെയും പശ്ചാത്തലത്തില്‍ 46 താലിബാന്‍ തടവുകാരെ അഫ്ഗാന്‍ ഭരണകൂടം വിട്ടയച്ചു. വെള്ളിയാഴ്ചയാണ് താലിബാന്റെ വെടിനിര്‍ത്തല്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ അഫ്ഗാന്‍ സൈനികര്‍ക്കെതിരെ ഒരുതരം ആക്രമണവും ഉണ്ടാകില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. 2001ലെ യു.എസ് അധിനിവേശത്തിനുശേഷം ആദ്യമായാണ് താലിബാനില്‍നിന്ന് ഇത്തരമൊരു പ്രഖ്യാപനമുണ്ടാകുന്നത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും അന്താരാഷ്ട്ര സേനയുടെ സാന്നിദ്ധ്യത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചക്ക് തയാറാണെന്ന് അഫ്ഗാന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഗനിയുടെ സമാധാന നീക്കങ്ങളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സ്വാഗതം ചെയ്തു. സമാധാന ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കാനും അതില്‍ പങ്കെടുക്കാനും യു.എസ് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. വെടിനിര്‍ത്തലിന് നാറ്റോയും പിന്തുണ പ്രഖ്യാപിച്ചു. സമാധാനം ആഗ്രഹിക്കുന്നവരാണ് തങ്ങളെന്ന് താലിബാനെ അറിയിക്കാന്‍ കിട്ടിയ അസുലഭ അവസരമാണ് ഇതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

chandrika: