X

പാക് ചാരസംഘടനയെ വാനോളം പുകഴ്ത്തി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ് : പാക് സൈന്യത്തെയും ചാരസംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്ക് പ്രതിരോധത്തിന്റെ കുന്തമുന ഐ.എസ്.ഐ ആണെന്നും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിന്നില്‍ സര്‍ക്കാരും ജനങ്ങളും അണിനിരക്കുമെന്നും ഖാന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഇമ്രാന്‍ ഖാന്‍ ഐ.എസ്.ഐ ആസ്ഥാനം സന്ദര്‍ശിക്കവെയാണ് ചാരസംഘടനയെ പ്രശംസിച്ചത്. സുരക്ഷാ ഏജന്‍സികളുടെ വക്താവ് എന്നാണ് വിമര്‍ശകര്‍ ഇമ്രാന്‍ ഖാനെ വിശേഷിപ്പിക്കുന്നത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പമാണ് ഇമ്രാന്‍ ഖാന്‍ ഐ.എസ്.ഐ ആസ്ഥാനത്തെത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ദേശീയ സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ ആണെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

ദേശീയ സുരക്ഷക്ക് ഐഎസ്‌ഐ നല്‍കുന്ന സംഭാവനകള്‍ വിസ്മരിക്കാനാവില്ല. തീവ്രവാദത്തെ നിയന്ത്രിക്കുന്നതിനു സുപ്രധാന പങ്കാണ് വഹിക്കുന്നത്. ലോകത്തെ മികച്ച ഇന്റലിജന്‍സ് ഏജന്‍സിയും പാക് പ്രതിരോധത്തിന്റെ കൂന്തമുനയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വ, ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ നവീദ് മുക്താര്‍ എന്നിവര്‍ ഇമ്രാന്‍ ഖാനൊപ്പമുണ്ടായിരുന്നു.

chandrika: