കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായി ഗംഗാവലിപ്പുഴയിലെ തിരച്ചില്‍ പുരോഗമിക്കുന്നു. പുഴയില്‍ നേവിയുടേയും എന്‍ഡിആര്‍എഫിന്റേയും സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. അര്‍ജുനെ കാണാതായിട്ട് ഒരു മാസമാകുകയാണ്.
അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന കയര്‍ കണ്ടെത്തിയ സ്‌പോട്ട് കേന്ദ്രീകരിച്ചാണ് ഇന്നും തിരച്ചില്‍ നടക്കുന്നത്. മാര്‍ക്ക് ചെയ്ത പോയിന്റ്1, 2 എന്നിവിടങ്ങളില്‍ നേവി സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. പുഴയുടെ അട്ടിത്തട്ടില്‍ കണ്ടെത്തിയ മരം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് സംഘം കടന്നേക്കും. ഗംഗാവലിപ്പുഴയിലും പരിസരത്തും നിലവില്‍ അനുകൂല കാലാവസ്ഥയാണെന്നും ഒഴുക്ക് 2 നോട്‌സിലും താഴെയാണെന്നുമാണ് വിവരം. മാല്‍പെയും സംഘവും നദിയിലിറങ്ങി പരിശോധനകള്‍ നടത്തി.
പലരും പലതും തങ്ങളോട് പറയുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് ഒരു വ്യക്തത തങ്ങള്‍ക്ക് ആവശ്യമാണെന്നും അര്‍ജുന്റെ സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ സ്വാതന്ത്ര്യദിനമായതിനാല്‍ അര്‍ജുനായി ഷിരൂരില്‍ തിരച്ചില്‍ നടത്തിയിരുന്നില്ല. നദിയ്ക്കടിയില്‍ നിന്ന് കണ്ടെടുത്ത കയര്‍ തന്റെ ലോറിയിലുണ്ടായിരുന്നത് തന്നെയെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.