അഹമ്മദാബാദ്: ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ്മയെ ആണ് പിരിച്ചുവിട്ടത്. ഈ മാസം 30ന് വിരമിക്കാന്‍ ഇരിക്കെയാണ് പിരിച്ചുവിടല്‍. പ്രാണേഷ് പിള്ളയും ഇഷ്‌റത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമര്‍പ്പിച്ച സിബിഐ അന്വേഷണം നയിച്ചത് സതീഷ് വര്‍മയായിരുന്നു. വകുപ്പുതല നടപടികളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഓഗസ്റ്റ് 30 ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന മാധ്യമങ്ങളോട് സംസാരിച്ചതാണ് പിരിച്ചുവിടലിന്റെ കാരണങ്ങളിലൊന്നായി പറയുന്നത്. എന്നാല്‍ പിരിച്ചുവിട്ടതില്‍ സതീഷ് വര്‍മ്മ പ്രതികരിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. തനിക്കെതിരായ നിരവധി അച്ചടക്ക നടപടികളെ ചോദ്യം ചെയ്ത വര്‍മ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പിരിച്ചുവിടല്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു.
ഒരുവര്‍ഷത്തെ നിയമപ്രശ്‌നങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ ഏഴിന് പിരിച്ചുവിടല്‍ ഉത്തരവ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി അനുവദിച്ചു. എന്നാല്‍ പിരിച്ചുവിടല്‍ ഉത്തരവിനെതിരായ നിയമത്തിന് അനുസൃതമായി ഹരജിക്കാരനെ പ്രതിവിധികള്‍ പ്രയോജനപ്പെടുത്തുന്നതിന് 19 വരെ പിരിച്ചുവിടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചു. ഇഷ്‌റത്ത് ജഹാന്‍ കേസില്‍ ആദ്യം ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) അംഗമായിരുന്നു വര്‍മ. പിന്നീട് കോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ അന്വേഷണത്തിന് നേതൃത്വം നല്‍കി. ഇഷ്‌റത്ത് ജഹാന്‍ കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ നടത്താന്‍ കഴിയാതിരുന്നതിനാല്‍ 2011ല്‍ ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ വര്‍മയ്ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചിരുന്നു.
മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ പിപി പാണ്ഡെ, ഡി.ജി വന്‍സാര, ഐജിപി ജി.എല്‍ സിംഗാള്‍, റിട്ടയേര്‍ഡ് പൊലീസ് സൂപ്രണ്ട് എന്‍.കെ അമിന്‍, മുന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുണ്‍ ബാരോട്ട് എന്നിവരുള്‍പ്പെടെയുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ വര്‍മ്മ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 19 കാരിയായ ഇഷ്‌റത്ത് ജഹാന്‍, അവളുടെ സുഹൃത്ത് മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖ്, രണ്ട് പാകിസ്താന്‍ പൗരന്മാര്‍ എന്നിവര്‍ അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് വര്‍മ്മ സിബിഐയുമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എട്ട് പൊലീസുകാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞ് മിക്ക പ്രതികളെയും വിട്ടയച്ചതിനാല്‍ കേസില്‍ വിചാരണ നടന്നില്ല. ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാറിന്റെ നടപടി വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.