ബംഗളൂരു: പതിനെട്ടുകാരന്‍ ഇശാന്‍ പണ്ഡിത ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ ചരിത്രമെഴുതി. ലാലീഗ ക്ലബുമായി കരാറുണ്ടാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് ബംഗളൂരു സ്വദേശി സ്വന്തമാക്കിയത്. ലാലീഗ ക്ലബ് ലെഗാനസുമായി ഒരു വര്‍ഷത്തേക്ക് കരാര്‍ ചെയ്തതോടെയാണ് ഇശാന്‍ ചരിത്രത്തിന്റെ ഭാഗമായത്. മൂന്നു വര്‍ഷം മുമ്പ് പഠനത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന് യൂറോപ്പില്‍ ഫുട്‌ബോളറാകാനുള്ള തന്റെ സ്വപ്‌നവുമായി മുന്നോട്ടു പോകാന്‍ ഇശാന്‍ മാതാപിതാക്കളോട് അനുമതി തേടിയിരുന്നു.
ഫുട്‌ബോളിനോടുള്ള അടങ്ങാത്ത താല്‍പ്പര്യം ഫലം കണ്ടു തുടങ്ങിയതിലെ സന്തോഷത്തിലാണ് ഇശാനും മാതാപിതാക്കളും. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിന്റെ പ്രാന്തനഗരമാണ് ലെഗാനസ്. നിലവില്‍ ലാലീഗ പോയിന്റ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്താണ് ടീം. ക്ലബ് വൈസ് പ്രസിഡണ്ടും ഉടമയുമായ ഫിലിപ് മൊറേനോ ലെഗാനസിന്റെ ജേഴ്‌സി ഇശാന്‍ പണ്ഡിതക്ക് കൈമാറി. നമ്പര്‍ 50 ജേഴ്‌സിയായിരിക്കും ഇശാന്‍ ധരിക്കുന്നത്. ജൂനിയര്‍ ടീമായ ലെഗാനസ് ബി ടീമില്‍ കളിച്ചായിരിക്കും പണ്ഡിത തന്റെ സ്വപ്‌നയാത്ര തുടങ്ങുന്നത്. സ്‌പെയ്‌നിലെ നാലാം ഡിവിഷനായ ടെര്‍സറയിലാണ് ബി ടീം ഇപ്പോള്‍ കളിക്കുന്നത്.