X

ലണ്ടന്‍ ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തമേറ്റു

 

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനപുറത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. വെസ്റ്റ്മിനിസ്റ്റര്‍ അക്രമി തങ്ങളുടെ പടയാളിയാണന്ന് ഐ.എസ് അറിയിച്ചു. ഖാലിദ് മസൂദ് എന്ന 52കാരനാണ് അക്രമിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ തന്നെയാണ് ഇയാള്‍ ജനിച്ചു വളര്‍ന്നത്. ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു അക്രമിയെന്ന് അവര്‍ പറഞ്ഞു. അക്രമാസക്ത തീവ്രവാദ നിലപാടുകാരനായ ഇയാളെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. അക്രമിയെ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്യാതെ വിട്ടതെന്ന് മേയ് വ്യക്തമാക്കിയില്ല. ഗൗരവം അര്‍ഹിക്കുന്നില്ലെന്ന് കണ്ടാണ് തുടര്‍നടപടിയുണ്ടാകാതെ പോയതെന്ന് അവര്‍ പറഞ്ഞു.
അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പാരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന 29 പേരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. കീത്ത് പാമര്‍ എന്ന പൊലീസുകാരന്‍, ലണ്ടനിലെ ഒരു കോളജില്‍ ജോലിചെയ്തിരുന്ന അയ്ഷ ഫ്രേഡ്, അമ്പതു വയസു തോന്നിക്കുന്ന മറ്റൊരാള്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചക്കുശേഷം കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിലൂടെ അതിവേഗം കാറോടിച്ചുവന്ന അക്രമി പാര്‍ലമെന്റ് വളപ്പിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി പാര്‍ലമെന്റിലേക്ക് പാഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞപ്പോഴാണ് കീത്ത് പാമര്‍ക്ക് കുത്തേറ്റത്. നിരായുധനായ പാമറെ കുത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ചേര്‍ന്നുകൊണ്ടിരിക്കെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിയിലൂടെ കുതിച്ചുപാഞ്ഞ കാറിടിച്ചാണ് ഏറെപ്പേര്‍ക്കും പരിക്കേറ്റത്.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലുണ്ടായിരുന്നവരാണ്. പാമറുടെ ധീരതയെ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്പീക്കറും പ്രധാനമന്ത്രി തെരേസ മേയും പ്രകീര്‍ത്തിച്ചു. ബുധനാഴ്ച രാത്രി ലണ്ടനിലും ബര്‍മിങ്ഹാമിലും നടന്ന റെയ്ഡിലാണ് എട്ടുപേര്‍ അറസ്റ്റിലായത്. അന്വേഷണം തുടരുകയാണെന്നും അന്താരാഷ്ട്ര ഭീകരതയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അക്രമി ഒറ്റക്കാണ് പ്രവര്‍ത്തിച്ചതെന്നും കരുതുന്നതായി സ്‌കോട്‌ലന്‍ഡ് യാഡ് ആക്ടിങ് ഡെപ്യൂട്ടി കമ്മീഷണര്‍ മാര്‍ക് റൗലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ പൊതുജനത്തിന് കൂടുതല്‍ ഭീഷണിയില്ലെന്നും റൗലി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. തെരുവുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. അവധിയിലുള്ള പൊലീസുകാരെ മുഴുവന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഡ്യൂട്ടി സമയവും വര്‍ധിപ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പാര്‍ലമെന്റ് മന്ദിരത്തില്‍ ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളും രണ്ടുപേര്‍ റുമേനിയക്കാരുമാണ്. അഞ്ച് ദക്ഷിണ കൊറിയക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

chandrika: