സാധാരണക്കാരനാണ് സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ നടത്തിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ബുള്‍ഡോസര്‍ ഇറക്കി ഉടന്‍ ഇടിച്ചു നിരപ്പാക്കുമായിരുന്നില്ലേ എന്ന് ഹൈക്കോടതി. മന്ത്രിയായതുകൊണ്ട് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കോടതി കാണുന്നതെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വാക്കാല്‍ പരാമര്‍ശിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴ കുട്ടനാട്ടെ വേള്‍ഡ് വാട്ടറിലെയും, ലേക്ക് റിസോര്‍ട്ടിലെയും ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ പരാമര്‍ശം.
എല്ലാ ഭൂമി കൈയേറ്റ കേസുകളിലും സര്‍ക്കാരിന് ഒരേ തരത്തിലുള്ള ഉദാസീന നിലപാടാണെന്നും എല്ലാവര്‍ക്കും തുല്യ നീതി കൊടുക്കലാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. എല്ലാവരെയും ഒരു പോലെയാണ് കോടതി പരിഗണിക്കുന്നത്. മന്ത്രിയാണെന്ന പ്രത്യേകത കോടതി കണക്കിലെടുക്കുന്നില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു.
അതേസമയം ഭൂമി കൈയേറ്റ കേസുകളില്‍ സര്‍ക്കാരിന്റെ പൊതു നിലപാട് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതിക്ക് എല്ലാവരും ഒരുപോലെയാണെന്നും തുല്യനീതിയാണ് നല്‍കുന്നതെന്നും കോടതി പറഞ്ഞു. വാട്ടര്‍ വേള്‍ഡ് കമ്പനിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയോ എന്നും കോടതി ആരാഞ്ഞു. അന്വേഷണം നടത്തിയതായും നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ വിശദീകരിച്ചു. വിഷയത്തില്‍ നിലവില്‍ മൂന്ന് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്ന് മൂന്ന് കേസുകളും ഒരുമിച്ച് പരിഗണിക്കാന്‍ ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചു. പുതിയ ഹര്‍ജികള്‍ ഉണ്ടെങ്കില്‍ ഈ ബഞ്ച് പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഒഴിവായതിനെ തുടര്‍ന്നാണ് പുതിയ ബഞ്ച് കേസ് പരിഗണിച്ചത്.
അതിനിടെ, തോമസ്ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണ സംഘത്തെ തീരുമാനിച്ചു. കോട്ടയം വിജിലന്‍സ് എസ്.പി ജോണ്‍സന്‍ ജോസഫിനാണ് അന്വേഷണ ചുമതല. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.