‘സര്‍ക്കാര്‍ ജീവനക്കാരുടെ മുമ്പില്‍വരുന്ന ഓരോ ഫയലിനുള്ളിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണ്. ആ ഫയലില്‍ നിങ്ങളെഴുതുന്ന കുറിപ്പാണ് ഒരുപക്ഷേ അവരില്‍ ചിലരെങ്കിലും ജീവിക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കുന്നത്. നെഗറ്റീവ് ഫയല്‍നോട്ട സമ്പ്രദായത്തെ പൊസിറ്റീവായ ഫയല്‍നോട്ട സമ്പ്രദായംകൊണ്ട് പകരംവെക്കണം.’ 2016 ജൂണില്‍ തന്റെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ്് ദിവസങ്ങള്‍ക്കകം സെക്രട്ടറിയേറ്റ് ജീവനക്കാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞ വാചകങ്ങളാണിവിടെ ഉദ്ധരിച്ചത്. അതിനുശേഷം എത്രയോ നിരപരാധികളായ ജീവിതങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാരുടെയും കൃത്യവിലോപത്താല്‍ കേരളത്തില്‍ പൊലിയുകയുണ്ടായി. ജീവനക്കാരുടെയും പൊലീസിന്റെയും ധാര്‍ഷ്ട്യമാര്‍ന്ന പെരുമാറ്റരീതികള്‍ മിക്കതും തങ്ങളുടെ തലവനായ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രീതിയോട് കിടപിടക്കുന്നതാണ്. അഴിമതിയും കോഴപ്പണവും യഥേഷ്ടം വിളയുകയും വിതറുകയും ചെയ്യുകയാണ് ഇപ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ എന്നതിന് ഉത്തമോദാഹരണമാണ് വയനാട് മാനന്തവാടി കെല്ലൂര്‍ സബ്ആര്‍.ടി. ഓഫീസിലെ ജീവനക്കാരി സിന്ധുവിന്റെ കഴിഞ്ഞദിവസം പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാവിലെ ജ്യേഷ്ഠ സഹോദരന്‍ ജോസിന്റെ വീട്ടിലാണ് സീനിയര്‍ ക്ലര്‍ക്ക് സിന്ധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത.് കടുത്ത മാനസിക പീഡനവും മാനസിക സംഘര്‍ഷവുമാണ് യുവതിയെ സ്വയംഹത്യക്ക് നിര്‍ബന്ധിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങളെല്ലാം. സിന്ധുവിന്റെ ആത്മഹത്യാകുറിപ്പിലെ വരികള്‍തന്നെ ഇതിന് തെളിവാണ്.
‘മോട്ടോര്‍ വാഹന വകുപ്പിലെ ജോലിക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. അഴിമതിക്ക് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക് നില്‍ക്കരുത്..പാറയുടെ മുകളില്‍നിന്ന് തള്ളിത്താഴെയിട്ടാല്‍ പെട്ടുപോകും. ഭക്ഷണം കിട്ടാതെ മരിക്കും. അതിനാല്‍ എനിക്ക് പേടിയാണ്. ഞാന്‍ ലോകത്തോട് വിടപറയുന്നു.’ വനിതാസര്‍ക്കാര്‍ ജീവനക്കാരി എന്തുമാത്രം മന:സംഘര്‍ഷം സഹിച്ചായിരിക്കണം ഈ വരികള്‍കുറിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനും അത് ചെയ്യാത്തതിനുമാണ് സിന്ധുവിന് മേലുദ്യോഗസ്ഥരില്‍നിന്ന് പീഡനമേല്‍ക്കേണ്ടിവന്നതെന്നാണ് ന്യായമായും കരുതേണ്ടത്. ജോ.ആര്‍.ടി.ഒ ഓഫീസില്‍നിന്ന് ബാഗുമായി കരഞ്ഞ് പുറത്തിറങ്ങിവരുന്ന സിന്ധുവിനെ താന്‍ കണ്ടതായി നാട്ടുകാരന്‍ പറയുന്നു. മേലുദ്യോഗസ്ഥര്‍ പരസ്യമായി അവഹേളിച്ചത് കണ്ടവരുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റും സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇതാണോ ഒരു സര്‍ക്കാര്‍ ജീവനക്കാരിക്ക് അഴിമതിതുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരിലെ പ്രത്യേകിച്ചും ഗതാഗത വകുപ്പിലെയും രജിസ്‌ട്രേഷനിലെയും മറ്റും അഴിമതികളുടെ നാറുന്ന പരമ്പരകള്‍ കണ്ടും കേട്ടും വായിച്ചും തഴമ്പിച്ച മലയാളിക്ക് ഒരുപക്ഷേ ഈ ജീവനക്കാരിയുടെ മരണത്തില്‍ അത്ഭുതമുണ്ടാകില്ല. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവുമധികം വരുമാനം ഉണ്ടാക്കിത്തരുന്ന വകുപ്പുകളാണിവ രണ്ടും. ഒളിഞ്ഞും തെളിഞ്ഞും ഈ ഓഫീസുകളില്‍ കോഴയും അഴിമതിയും അടിമുടി വ്യാപകമാണെന്നത് അറിയാത്തതുമല്ല. പക്ഷേ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് ഇതേ ഓഫീസിലൊന്നിലെ ജീവനക്കാരിക്ക് സ്വന്തം ജീവന്‍തന്നെ ത്യജിക്കേണ്ടിവന്നത് ഒരുപക്ഷേ ഇതാദ്യമാണ്. നികുതിപ്പണം വാങ്ങി പൗരന്മാരുടെ അവകാശങ്ങളും ആവശ്യങ്ങളും നിവര്‍ത്തിച്ചുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണിത്തരമൊരു സംവിധാനം? ആര്‍.ഡി.ഒ ഓഫീസില്‍നിന്ന് സ്വന്തം അഞ്ചുസെന്റ് ഭൂമിയില്‍ വീടുവെക്കാന്‍ അനുമതിയാവശ്യപ്പെട്ട് നിരവധി തവണ ചെന്നിട്ടും അത്് സാധിക്കാത്തതുകാരണം നിസ്സഹായനായി ജീവനൊടുക്കിയ മല്‍സ്യത്തൊഴിലാളി കേരളീയരുടെ നൊമ്പരമായിട്ട് അധികനാളായിട്ടില്ല. പത്തു വര്‍ഷത്തിലധികംനീണ്ട സര്‍വീസിനിടെ എന്തുമാത്രം അധിക്ഷേപവും അപമാനവും സഹിച്ചശേഷമാകണം അതിന് പരിഹാരം താന്‍തന്നെ ഇല്ലാതാകലെന്ന് സിന്ധു തീരുമാനിക്കാന്‍ കാരണം. കൊല്ലപ്പെടുമെന്നുപോലും യുവതി ഭയപ്പെട്ടു.
സേവന കാലാവധി ഏറെ അവശേഷിച്ചിട്ടുപോലും മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയമേലാളന്മാരുടെയും മാനസിക പീഡനത്താല്‍ രാജിവെച്ചുപോയ സിവില്‍ സര്‍വീസ്ഉദ്യോഗസ്ഥര്‍വരെ നമ്മുടെ നാട്ടിലുണ്ട്. വ്യാപാരിയെ ആക്രമിച്ച് പണംതട്ടിയ കേസിലെ പ്രതി കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറാണെന്നതും ലജ്ജാകരമാണ്. മുമ്പ് കാലിക്കറ്റ് സര്‍വകലാശാലയില്‍ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനംമൂലം ജോലിതന്നെ വിടേണ്ടിവന്ന വനിതയുടെ കഥയും മറക്കാവുന്നതല്ല. കീഴ്ജീവനക്കാരോടുള്ള മനോഭാവത്തിലും ബ്രിട്ടീഷ് കാല ബ്യൂറോക്രസിയിലും ഘടനാപരമായ മാറ്റമുണ്ടായാലല്ലാതെ ഇവക്ക് പരിഹാരമില്ല. അന്വേഷണം ആരംഭിച്ച നിലക്ക് സിന്ധുവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കും അഴിമതിക്കുമെതിരെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായാല്‍ മാത്രമേ ഇനിയൊരു ‘സിന്ധു’ കേരളത്തിലുണ്ടാകാതിരിക്കൂ.