X

ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ; കൊച്ചിയില്‍ ഒരു മാസത്തിനിടെ കേബിള്‍ കുരുങ്ങി മൂന്നാമത്തെ അപകടം

കൊച്ചിയില്‍ കേബിള്‍ കുരുങ്ങി അപകടം പതിവാകുന്നു. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് ഇന്നലെ കേബിള്‍ കുടുങ്ങി അപകടമുണ്ടായത്.ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്കേറ്റു. രാവിലെ ആറ് മണിക്ക് എം.ജി റോഡിലായിരുന്നു അപകടം.പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന്റെ് എല്ലിന്് പൊട്ടലുമുണ്ട്. രാവിലെ മകളെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് കുര്യന്‍ പറഞ്ഞു. എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിന് കുറുകെയുള്ള കേബിള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. തന്റെ മുന്നില്‍ പോയ ആള്‍ ആദ്യം കേബിള്‍ കുരുങ്ങി വീണു. പിന്നാലെ തന്റെ കഴുത്തിലും കേബിള്‍ കുരുങ്ങിയതോടെ വണ്ടിയില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നെന്ന് കുര്യന്‍ പറഞ്ഞു.പുലര്‍ച്ചെയായതിനാല്‍ കേബിള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഒരു മാസത്തിനിടെ നഗരത്തില്‍ കേബിള്‍ കുരുങ്ങി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.കൊച്ചിയില്‍ കേബിള്‍ കുരുങ്ങി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പ്രായോഗിക നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കൊച്ചിയില്‍ കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് തൊട്ടു പിന്നാലെയാണിപ്പോള്‍ വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നേരത്തെയും ഫോര്‍ട്ട് കൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ കേബിള്‍ കുടുങ്ങി അപകടമുണ്ടായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ കോട്ടയം സ്വദേശിയായ അനില്‍കുമാറിന്റെ കഴുത്തില്‍ കേബിള്‍ കുടുങ്ങിയ സംഭവത്തിന് ശേഷമാണ് മന്ത്രി യോഗം വിളിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്.നഗരത്തിലെ എല്ലാ റോഡുകളും പ്രത്യേകിച്ച് ഇട റോഡുകള്‍ കേബിളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും കേബിളുകള്‍ വലിച്ചിരിക്കുകയാണ്്.

റോഡരികിലെ വൈദ്യുതി പോസ്റ്റുകളെയും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രത്യേക പോസ്റ്റുകളെയും ബന്ധിപ്പിച്ചുകൊണ്ട് 20ലധികം കേബിളുകള്‍ ആണ് വലിച്ചിരിക്കുന്നത്. 40 കേബിളുകള്‍ വരെ വലിച്ച റോഡുകളും നഗരത്തിലുണ്ട്.റോഡിനിരുവശവും ഇതുതന്നെയാണ് അവസ്ഥ. ഈ കേബിളുകള്‍ മുട്ടിനുമുട്ടിന് റോഡ് ക്രോസ് ചെയ്തും വലിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ സ്ഥാപിച്ച കേബിളുകളാണ് കൂടുതലും. ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഉപയോഗ രഹിതമാണെങ്കിലും ഇവ റോഡില്‍ നിന്ന് എടുത്തുമാറ്റാന്‍ ബന്ധപ്പെട്ട കമ്പനികള്‍ തയ്യാറായിട്ടില്ല. ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രഖ്യാപിക്കുന്നതല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. ഇരുചക്ര വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കേബിളുകള്‍ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. നഗരത്തിലെ മുഴുവന്‍ റോഡുകളിലെയും കേബിളുകള്‍ മണ്ണിനടിയില്‍ ആക്കണമെന്ന് ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതിനുള്ള പ്രാരംഭ നടപടി പോലും ഉണ്ടായിട്ടില്ല.

റോഡരികില്‍ അപകടം പതിയിരിക്കുന്ന കേബിളുകള്‍ നീക്കം ചെയ്യുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ഇബിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് ആകും നടപടി. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വര്‍ക്ക് പരിധിയിലെ അപകടകരമായ കേബിളുകള്‍ ഉടന്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് സംഘടന അറിയിച്ചു.

webdesk11: