തകര്‍ന്നു തരിപ്പണമായ സംസ്ഥാനത്തിന്റെ ക്രമസമാധാന സംവിധാനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രിയും പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എമ്മും പ്രതികരിച്ചിരിക്കുന്നു. പിണറായിസര്‍ക്കാറിന്റെ ഒന്നാമൂഴത്തില്‍ മാത്രമല്ല, രണ്ടാമൂഴത്തിലും സാക്ഷര കേരളത്തിന്റെ ശാപമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടേയും ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യമാരുടെയും മക്കള്‍ നഷ്ടപ്പെട്ട വൃദ്ധരായ മാതാപിതാക്കളുടെയുമെല്ലാം സങ്കടക്കണ്ണീര്‍ ചാലിട്ടൊഴുകുന്ന ഈ അവസ്ഥാവിശേഷത്തിന്റെ ഒന്നാമത്തെ ഉത്തരവാദി ഭരണകൂടമാണെന്ന കാര്യം അവിതര്‍ക്കിതമാണ്. നാടിന്റെ സമാധാനാന്തരീക്ഷത്തിന്റെ മേല്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ വിതച്ച് അക്രമിസംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ക്രമസമാധാന പാലനം നിര്‍വഹിക്കേണ്ട പൊലീസും അവരെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയും വെറും നോക്കുകുത്തികളായി മാറുകയാണ്. ചോദിക്കാനും പറയാനും ആളില്ലാത്ത ഈ അവസ്ഥയാണ് കൊലപാതകങ്ങളും അക്രമസംഭവങ്ങളും ഇത്തരത്തില്‍ തുടര്‍ക്കഥയാവാന്‍ കാരണം. ദിനംപ്രതിയെന്നോണം കൊലപാതകങ്ങളുള്‍പ്പെടെയുള്ള വന്‍കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ്. എന്നാല്‍ ദിവസവും ഒന്നിലധികം ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവുന്ന സംസ്ഥാനമായി പിണറായിയുടെ ഭരണത്തില്‍ കേരളം മാറിയിരിക്കുകയാണ്.
കണ്ണൂരില്‍ തന്നെ കല്യാണ വീട്ടില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് എറണാകുളത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം. ആലപ്പുഴയില്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കന്‍മാര്‍ മണിക്കൂറുകളുടെ ഇടവേളകളിലാണ് കൊല്ലപ്പെട്ടത്. ഞെട്ടിപ്പിക്കുന്ന ഇത്തരം സംഭവങ്ങളിലെല്ലാം പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും കേസ് അന്വേഷണത്തിലും പൊലീസിനു വീഴ്ച്ചകള്‍ സംഭവിക്കുന്നതായി നിരന്തരമായി ആക്ഷേപം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. നീതിനിഷേധിക്കപ്പെടുന്നു എന്ന ആരോപണവുമായി ഇരകള്‍ തന്നെ രംഗത്തെത്തുന്ന സാഹചര്യങ്ങളുമുണ്ടാകുന്നു. രാജ്യത്തെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥര്‍ എന്നു വിശേഷിക്കപ്പെടുന്ന കേരള പൊലീസ് ഈ പഴി കേള്‍ക്കേണ്ടി വരുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്കു ഒഴിഞ്ഞുമാറാനാകില്ല. ഭരണത്തിലേറുമ്പോഴെല്ലാം പൊലീസ് സ്റ്റേഷനുകളില്‍ ഏരിയാ സെക്രട്ടറിമാര്‍ക്ക് ഒരു കസേര ഉറപ്പുവരുത്തുകയെന്നതാണ് സി.പി.എം ആദ്യം ചെയ്യാറുള്ളത്. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തുവലിയ കുറ്റകൃത്യത്തില്‍ അകപ്പെട്ടാലും പൊലീസുദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി പുഷ്പം പോലെ ഇറക്കിക്കൊണ്ടു വരികയും ചെയ്യുന്നു. താഴേ തട്ടില്‍ ഇതാണ് അവസ്ഥയെങ്കില്‍ മുകളിലേക്ക് ചെല്ലും തോറും ഉന്നത ഉദ്യോഗസ്ഥരെ പോലും നേതാക്കള്‍ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നു. ഒരു തരത്തിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇല്ലാതാവുന്നതോടെ സ്വാഭാവികമായും പൊലീസ് നിഷ്‌ക്രിയമായിത്തീരുന്നു.
ആഭ്യന്തരവകുപ്പിനെതിരെ സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ പോലും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പൊലീസിനുമേല്‍ വകുപ്പ് മന്ത്രിക്കു യാതൊരു നിയന്ത്രണവുമില്ലെന്ന് പാര്‍ട്ടിക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്നു. പൊലീസിന്റെ ചെയ്തികള്‍ പലപ്പോഴും വിമര്‍ശനാത്മകമായിമാറുന്നുവെന്ന് പിണറായിക്കു തന്നെ പറയേണ്ടി വരികയുണ്ടായി. തകര്‍ന്നു തരിപ്പണമായി ക്രമസമാധാന പാലനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ക്രമസമാധാന പ്രശ്‌നത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ആഭ്യന്തരം തനിക്കു വഴങ്ങില്ലെന്നു തെളിയിച്ച പിണറായി വിജയന്‍ വകുപ്പ് ഒഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഏതായാലും നാടിന്റെ സമാധാനാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിക്കു ചെയ്യാനുള്ള ഏറ്റവും വലിയ കാര്യം ആ വകുപ്പ് കൊള്ളാവുന്ന മറ്റാരെയെങ്കിലും ഏല്‍പ്പിക്കുക എന്നുള്ളതാണ്.