X

ഇവിടെയൊരു ആഭ്യന്തര മന്ത്രിയുണ്ടോ?-കെ.എം ഷാജഹാന്‍

‘മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് ഇനി കറുപ്പിന്റെ അഴക്. പുതിയതായി വാങ്ങിയ കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിലാണ് ഇനി മുഖ്യമന്ത്രിയുടെ യാത്ര. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്.’ ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ ജനുവരി 3ന് വന്ന വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെയാണ്. ആ വാര്‍ത്ത ഇപ്രകാരം തുടര്‍ന്നു: ‘മുഖ്യമന്ത്രിയുടെ കാറൊഴിച്ച് അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികളാണ്. വരും ദിവസങ്ങളില്‍ അവയും മാറി കറുപ്പാകും. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഇതുവരെ വെള്ളവണ്ടികളാണ് ഉപയോഗിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാപരിഷ്‌കരണത്തിന്റെ ഭാഗമായി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കറുപ്പിലേക്ക് മാറാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതും 62.5 ലക്ഷം മുടക്കി കറുത്ത കാറുകള്‍ വാങ്ങിയതും’. നമ്മുടെ മുഖ്യമന്ത്രി സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ഇനി സഞ്ചരിക്കുക കറുത്ത കാറിലായിരിക്കും. കറുത്ത കാറുകള്‍ വാങ്ങിയതിന്റെ ചിലവ് 62.2 ലക്ഷം രൂപ. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് 15-20 വാഹനങ്ങളുള്ള വാഹനവ്യൂഹത്തിലാണ്, ജില്ലക്ക് പുറത്ത് മുഖ്യമന്ത്രിയുടെ യാത്ര. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്, സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മതിലിന്റെ മുകളിലൂടെ ചാഞ്ഞുനിന്ന മരങ്ങളുടെ വന്‍ ശാഖകളെല്ലാം അടപടലം വെട്ടിക്കളഞ്ഞത്.

നമ്മുടെ മുഖ്യമന്ത്രിയുടെ സുരക്ഷ പരമപ്രധാനമായ വിഷയം തന്നെയാണ്. അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയും, ഭരണഘടനാതലവനുമാണല്ലോ. നമ്മുടെയെല്ലാം കാര്യങ്ങള്‍ നോക്കിനടത്താന്‍, നമ്മള്‍ തിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് അധികാരത്തിലേറ്റിയ നേതാവണല്ലോ മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ സുരക്ഷ പരമപ്രധാനമാണ്. പക്ഷേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയുടെ സുരക്ഷയോടൊപ്പം പ്രധാനപ്പെട്ടതല്ലേ, അങ്ങയെ വിജയിപ്പിച്ച് അധികാരത്തിലേറ്റിയവരും, അല്ലാത്തവരുമായ കേരളത്തിലെ പൗരന്മാരുടെ സുരക്ഷയും? ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാ പൗരന്മാരും നിയമത്തിനുമുന്നില്‍ തുല്യരല്ലേ മുഖ്യമന്ത്രി? പണ്ഡിതനും പാമരനും, ധനികനും ദരിദ്രനും, മുഖ്യമന്ത്രിയും സാധാരണ ജനങ്ങളും നിയമത്തിന് മുന്നില്‍ തുല്യരല്ലേ മുഖ്യമന്ത്രി? ആ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ സുരക്ഷിതത്വത്തിന് അങ്ങ് കല്‍പ്പിക്കുന്ന പ്രാധാന്യത്തിന്റെ നൂറില്‍ ഒരംശം എങ്കിലും പ്രാധാന്യം, അങ്ങ് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും നല്‍കേണ്ടതല്ലേ?

എന്നാല്‍ എന്താണ് കേരളത്തിലെ ജനങ്ങളുടെ സ്ഥിതി? കേരളത്തിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ത്ത് അവരുടെമേല്‍ കുതിര കയറി, അവര്‍ക്കെതിരെ നീചവും നികൃഷ്ഠവുമായ ആക്രമണം അഴിച്ചുവിടുന്ന ഒരു സംവിധാനമായി, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന അങ്ങയുടെ കീഴിലെ പൊലീസ് മാറിയിരിക്കുകയല്ലേ? കഴിഞ്ഞ ദിവസമല്ലേ ട്രെയിനിനകത്തിട്ട് ഒരു യാത്രക്കാരനെ പൊലീസ് നിലത്തിട്ട് ചവിട്ടുന്നത് നാം കണ്ടത്. ജനങ്ങളെ ഇങ്ങനെ മര്‍ദ്ദിക്കാന്‍ ഏതു ഭരണഘടനയാണ് മുഖ്യമന്ത്രി, പൊലീസിന് അനുവാദം നല്‍കിയത്? പൊലീസിന്റെ ആത്മധൈര്യം നഷ്ടപ്പെടുത്തുന്ന ഒന്നും താന്‍ ചെയ്യില്ല എന്ന് അങ്ങ് പരസ്യമായി പറഞ്ഞിരുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ? ആ പ്രസ്താവനയാണ്, ജനങ്ങള്‍ക്കുമേല്‍ കുതിരകയറാന്‍ പൊലീസിന് ധൈര്യം നല്‍കിയത്.
കേരളത്തിലെ പൊലീസ് ഇത്ര വലിയൊരു സംഘടിത ക്രിമിനല്‍ സംഘമായി രൂപാന്തരം പ്രാപിച്ച ഒരു കാലഘട്ടം, കേരള രൂപീകരണത്തിന് ശേഷം, ഒരിക്കലെങ്കിലും കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? ഇ. എം.എസ്, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ മുഖ്യമന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ പൊലീസ് ഇതിനേക്കാള്‍ എത്രയോ മികച്ച സംവിധാനമായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്തും, കേരളത്തിലെ പൊലീസ് എത്രയോ മികച്ച സേനയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍, അധ:പതനത്തിന്റെയും, ജീര്‍ണതയുടേയും, അഴിമതിയുടെയും ചെളിക്കുണ്ടില്‍ മുങ്ങിക്കിടക്കുകയാണ് പൊലീസ് സംവിധാനം എന്ന് കണ്ണുള്ള ആര്‍ക്കാണ് കാണാന്‍ കഴിയാത്തത്?

12 ലധികം പേരുടെ ജീവനല്ലേ ലോക്കപ്പ് മര്‍ദനത്തിലൂടെ പൊലീസ് ഇക്കാലത്ത് കവര്‍ന്നെടുത്തത്? നിലമ്പൂരിലും, അട്ടപ്പാ ടിയിലും, വയനാട്ടിലുമായി സ്ത്രീകള്‍ അടക്കം 8 പേരെയല്ലേ കേരളത്തിലെ പൊലീസ് മാവോയിസ്റ്റുകള്‍ എന്ന പേരില്‍, യാതൊരു തെളിവുമില്ലാതെ നിര്‍ദ്ദയം വെടിവെച്ച് കൊന്നത്? വാളയാറില്‍ കൊലചെയ്യപ്പെട്ട ദലിതരായ രണ്ട് പെണ്‍കുട്ടികള്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന്, യാതൊരു ഉളുപ്പുമില്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് അന്വേഷണ സമയത്ത് പരസ്യമായി പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍, ഉദ്യോഗകയറ്റം ലഭിച്ച് ഇന്ന് എസ്.പിയായി വിരാജിക്കുകയല്ലേ? പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ തല്ലിക്കൊന്ന വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്താനെത്തിയ മാതാവ് മഹിജയെ, യാതൊരു ദയയും ഇല്ലാതെ റോഡിലൂടെ വലിച്ചിഴക്കുകയും, അവരെ പച്ചത്തെറി വിളിക്കുകയും ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഒരു തരി മണ്ണെങ്കിലും വീണിട്ടുണ്ടോ?

കണ്ണൂര്‍ പാലത്തായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകനായ അധ്യാപകന് ജാമ്യം ലഭിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയും, ആവശ്യമായ തെളിവുകള്‍ ശേഖരിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് സര്‍വതന്ത്രസ്വതന്ത്രനായി വിഹരിക്കുകയല്ല? ഐ. ഒ.സി പ്ലാന്റിനെതിരെ എറണാകുളം പുതുവൈപ്പിനില്‍ സമരംചെയ്ത, കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ തല തല്ലിത്തകര്‍ത്ത, ലോക്ഡൗണ്‍ കാലത്ത് പാവപ്പെട്ട മനുഷ്യരെ കൊണ്ട് ഏത്തമീടീപ്പിക്കുന്നതില്‍ വന്യമായ സൗന്ദര്യം കണ്ടെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പിണറായി വിജയന്റെ പൊന്നോമന പുത്രനല്ലേ?

മദ്യപിച്ച് മദോന്മത്തനായി കാറോടിച്ച് വന്ന് മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാംവെങ്കിട്ട രാമന്‍ ഐ.എ.എസിന് കേസില്‍ രക്ഷപ്പെടുത്താന്‍ എല്ലാ പഴുതുകളും ഉണ്ടാക്കിക്കൊടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ഇളക്കം തട്ടിയിട്ടുണ്ടോ? വാരാപ്പുഴയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന കേസില്‍ പ്രതിയെന്ന് ഏവരും വിശ്വസിക്കുന്ന, ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി കോഴിക്കോട് നിയമിച്ചിരിക്കുകയല്ലേ?
മോന്‍സന്‍ എന്ന തട്ടിപ്പുകാരന്റെ വ്യാജ സിംഹാസനത്തില്‍ അമര്‍ന്നിരുന്ന മുന്‍ ഡി.ജി.പിക്കെതിരെയും, ഒപ്പം ഉടവാളുമായി നിന്ന എ.ഡി.ജി.പിക്കെതിരെയും എന്തെങ്കിലും നടപടിയുണ്ടായോ? പ്രമാദമായ ഏതെങ്കിലും കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞോ? മുട്ടില്‍ മരംമുറി, കരുവന്നൂര്‍ ബാങ്ക് കൊള്ള, മോന്‍സന്റെ തട്ടിപ്പ് എന്നീ കേസുകളെല്ലാം അട്ടിമറിക്കപ്പെട്ടില്ലേ? കൊച്ചിയില്‍ രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്ന എ.ഡി. ജി.പി ഇന്ന് സൈ്വരവിഹാരം നടത്തുകയല്ലേ? വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ഡി.ജി.പിയും സ്വതന്ത്രനായി നടക്കുകയല്ലേ? ഗുണ്ടായിസവും കൊലപാതക രാഷ്ട്രീയവും അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയല്ലേ?

തിരുവനന്തപുരത്ത് പോത്തന്‍കോട്, ഗുണ്ടകള്‍ കൊന്നയാളുടെ കാല്‍ പരസ്യമായി വലിച്ചെറിഞ്ഞ സംഭവം പോലും ഉണ്ടായില്ലേ? 13 മണിക്കൂറുകളുടെ ഇടവേളയിലല്ലേ ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്? കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ 37 രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ലേ നടന്നത്?
ഇതൊക്കെ അര്‍ഥശങ്കക്കിടയില്ലാത്തവിധം തെളിയിക്കുന്നത് ആഭ്യന്തര മന്ത്രിയുടെ കഴിവുകേടാണ്. പൊലീസിനെ നിലക്കുനിര്‍ത്താന്‍ ആഭ്യന്തര മന്ത്രിയായ പിണറായി വിജയന് കഴിവില്ല എന്നാണ് ഈ സംഭവങ്ങള്‍ സംശയലേശമന്യെ തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രിപ്പണിക്ക് പിണറായി വിജയനെ കൊള്ളില്ല എന്ന് സി.പി. എം അണികള്‍ പോലും പരസ്യമായി പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിപ്പണി അവസാനിപ്പിച്ച് ഒഴിഞ്ഞു പൊയ്ക്കുടേ ശ്രീ പിണറായി വിജയന്‍ നിങ്ങള്‍ക്ക്?

 

Test User: