X

ഇരയ്‌ക്കൊപ്പം നിന്നത് കുറ്റകൃത്യമോ-എഡിറ്റോറിയല്‍

‘ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ട്. (ഹാഥ്‌റസ്) ഇരയ്ക്ക് നീതി ആവശ്യമാണെന്ന് കാണിക്കാനും പൊതുശബ്ദം ഉയര്‍ത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാകുമോ’ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ വാക്കുകള്‍, ഒരു കുടുംബത്തിന്റെ മാത്രമല്ല, ജനാധിപത്യ, മതേതര വിശ്വാസികളുടെ മുഴുവന്‍ പ്രാര്‍ഥനയുടെയും കാത്തിരിപ്പിന്റെയും മേലുള്ള പ്രതീക്ഷയാണ്. ഫാസിസം കൊടികുത്തി വാഴുന്ന കെട്ടകാലത്ത് നീതി പൂര്‍ണമായും അകന്നിട്ടില്ലെന്ന ശുഭാപ്തി വിശ്വാസമാണ് പരമോന്നത നീതിപീഠത്തില്‍നിന്നുണ്ടായത്.

യു.എ.പി.എ പ്രകാരം പ്രതിക്കു ജാമ്യം കിട്ടണമെങ്കില്‍ പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് കോടതിക്കു ബോധ്യം വരണം. ഹാത്രസിലേക്ക് പോയ വാഹനത്തില്‍നിന്ന് കിട്ടിയത് ഇംഗ്ലീഷ് ലഘുലേഖകളാണ്. അമേരിക്കയിലെ ‘ബ്ലാക് ലൈവ്‌സ് മാറ്റര്‍’ പ്രക്ഷോഭത്തിന്റെ പോസ്റ്ററുകളും ലഭിച്ചു. ‘ജസ്റ്റിസ് ഫോര്‍ ഹാഥ്‌റസ് വിക്ടിം’ എന്നായിരുന്നു മറ്റൊരു പോസ്റ്റര്‍. ഇംഗ്ലീഷ് ലഘുലേഖകള്‍ എങ്ങനെ പ്രകോപനപരമാവും എന്ന് കോടതി ചോദിച്ചു. 45,000 രൂപ സിദ്ദീഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഇട്ടുവെന്നാണ് പറയുന്നത്. ഈ തുക ഉപയോഗിച്ചാണ് ഹാഥ്‌റസിലേക്കു പോകാനും ലഹള ഉണ്ടാക്കാനും കാപ്പനും കൂട്ടാളികളും ശ്രമിച്ചതെന്നാണു കേസ്. ഗൂഢാലോചനയാണു മറ്റൊരു കുറ്റം. അതിനും പ്രോസിക്യൂഷന് പ്രത്യേകിച്ചു വാദമൊന്നും ഉണ്ടായിരുന്നില്ല. പ്രതിഷേധം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഭരണഘടന അംഗീകരിച്ചതാണെന്നും കോടതി വ്യക്തമാക്കി. അതെങ്ങനെയാണ് ലഹള എന്നും പ്രകോപനപരമെന്നും വ്യാഖ്യാനിക്കുന്നതെന്നും കോടതി ചോദിച്ചു. ലഹള എന്നൊരു വാക്ക് ലഘുലേഖകളില്‍ എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതു കാണിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെ ഈ കേസിന്റെ അടിത്തറ ദുര്‍ബലമാണെന്നും യു.എ.പി.എ കേസ് നിലനില്‍ക്കാനുള്ള വിശ്വാസയോഗ്യമായ തെളിവുകളില്ലെന്നും കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു.

യു.എ.പി.എ കേസില്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ജയില്‍ മോചനം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കാപ്പനെതിരെ ഇ.ഡി മറ്റൊരു കേസ്‌കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ അതില്‍ ജാമ്യം ലഭിക്കുന്നത്‌വരെ ജയില്‍ മോചനം സാധ്യമാകില്ലെന്നാണ് യു.പി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആ കേസിലും ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കാപ്പന്റെ കുടുംബവും അഭിഭാഷകരും.2020ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഹാഥ്‌റസ് ബലാത്സംഗകൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ ഉത്തര്‍പ്രദേശ് പൊലീസ് കാപ്പനെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 ഒക്‌ടോബര്‍ അഞ്ചിനാണ് അറസ്റ്റിലാകുന്നത്. എഫ്.ഐ.ആറില്‍ അദ്ദേഹത്തിനെതിരെ കുറ്റമൊന്നുമില്ലെന്നും ഒരു മാസമായിട്ടും സന്ദര്‍ശനം പോലും തടയുന്നുവെന്ന് ആരോപിച്ചും 2020 നവംബര്‍ 16 ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനും യു.പി പൊലീസിനും നോട്ടീസ് അയച്ചു. ആറ് മാസത്തിനിടെ ഏഴ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളാണ് വിഷയത്തില്‍ ഫയല്‍ ചെയ്യപ്പെട്ടത്. യു.പി സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ മഹേഷ് ജത്മലാനി കേസില്‍ സിദ്ദീഖ് കാപ്പന്റെമേല്‍ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയവേ കോവിഡ് ബാധിതനായ കാപ്പന് ചികിത്സ നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. കട്ടിലില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുകയാണെന്നും ശുചിമുറിയില്‍ പോകാന്‍ അനുവാദമില്ലെന്നുമായിരുന്നു ആരോപണം. ഏപ്രില്‍ 20ന് മഥുര ജയിലിലെ ബാത്ത്‌റൂമില്‍ കാല്‍തെന്നി വീണ് താടി പൊട്ടിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

സിദ്ദീഖ് കാപ്പന്‍ ഈ കാലഘട്ടത്തിലെ മീഡിയയുടെ പ്രതീകമാണ്. കാരണമില്ലാതെ ഒരാളെ പിടിച്ച് ജയിലില്‍ ഇടണം എന്നുണ്ടെങ്കില്‍ ഏത് സര്‍ക്കാരിന് വേണമെങ്കിലും വളരെ എളുപ്പത്തില്‍ അത് ചെയ്യാം. ഏതെങ്കിലും കള്ളക്കേസുണ്ടാക്കി ഒരാളെ ജയിലില്‍ പിടിച്ചിടുക അനായാസമാണ്. നിരവധി മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ഭരണകൂട ഭീകരതക്ക് ഇരയായത്. പലര്‍ക്കും ജീവന്‍തന്നെ നഷ്ടമായിട്ടുണ്ട്. പ്രതികരിക്കുന്നവരെയെല്ലാം ഒതുക്കുകയെന്നതാണ് സംഘ്പരിവാര ഫാസിസത്തിന്റെ രീതി. അതിനവര്‍ പല വഴികള്‍ പ്രയോഗിക്കുന്നുവെന്നു മാത്രം. ആള്‍ട്ട് ന്യൂസിലെ സുബൈറും ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാമുമൊക്കെ ഇത്തരത്തില്‍ ഭരണകൂടത്തിന്റെ ഇരകളാണ്. ഏറ്റവും എളുപ്പത്തില്‍ കുടുക്കാന്‍ കഴിയുന്നത് മുസ്‌ലികളെയാണ്. അവരുടെ സ്വത്വവും അടയാളങ്ങളും തന്നെ ധാരാളം. പിന്നെ ഭീകരവാദം ചുമത്താന്‍ വളരെ എളുപ്പം. ഭരണകൂട മുന്‍കൈകള്‍ ഏതെങ്കിലും രാവണന്‍ കോട്ടയിലേക്ക് എടുത്തെറിഞ്ഞാല്‍ പിന്നെ മോചനം ഏറെക്കുറെ അസാധ്യമാകുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് കാപ്പന് ലഭിച്ച ജാമ്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ആശ്വാസം കൊള്ളുന്നതും നീതിപീഠങ്ങളില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നതും.

Test User: