X

ഐ.എസ് റിക്രൂട്ട്‌മെന്റ്; ജയരാജന്റെ പ്രസ്താവന ആസൂത്രിതം, ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെടുക്കാൻ സി.പി.എം ബോധപൂർവ്വമായി ശ്രമിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തിലേക്കാണ് ഇപ്പോൾ സി.പി.എം പോകുന്നത്. പ്രസക്തമല്ലാത്ത ഒരു വിഷയത്തെ സംബന്ധിച്ചാണ് പി. ജയരാജൻ പ്രതികരിച്ചത്. കേരളത്തിൽ ഒരു ചർച്ചയിലും ഇല്ലാത്ത വിഷയമാണ് ഐ.എസ്. കേരളത്തിൽനിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ലക്ഷ്യം സി.പി.എം വ്യക്തമാക്കണം. ഐ.എസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഉത്തരം പറയേണ്ടത്.

തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ വർഗ്ഗീയതയെ സുഖിപ്പിക്കുന്ന പ്രതികരണങ്ങളാണ് സി.പി.എം നടത്തുന്നത്. ഇത് ബോധപൂർവ്വമാണ്. മതേതര രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മുസ്ലിംലീഗും ആർ.എസ്.പിയും യു.ഡി.എഫ് ഒന്നടങ്കവും ഈ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. തരാതരം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന സി.പി.എം നിലപാടിന്റെ ഭാഗമാണ് ജയരാജന്റെ പ്രസ്താവന.- അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk13: