ഡോ ബി.ആര്‍ അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിച്ച് മുഖ്യമന്തി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ എങ്ങും അലയടിക്കുന്നത്.
അമിത് ഷാ രാജിവെക്കണമെന്നും രാജ്യം ബഹുമാനിക്കുന്ന വ്യക്തിയെയാണ് അമിത് ഷാ അപമാനിച്ചത് എന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങളാണ് അമിത് ഷായ്ക്ക് നേരെയെത്തിയത്.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പിണറായി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്കിടെയായിരുന്നു ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കറുടെ പേര് പറയുന്നത് കോണ്‍ഗ്രസിനിപ്പോള്‍ ഫാഷനായെന്നും ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്നുമായിരുന്നു ഷായുടെ വാക്കുകള്‍.