പെരിന്തല്‍മണ്ണയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസ് സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധമറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. തനിക്ക് നേരെ കരിങ്കൊടി കാണിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലണമെന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണോ? അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു കൊണ്ടുള്ള പ്രതിഷേധം ഇതാദ്യമായല്ല. മുമ്പും പല മുഖ്യമന്ത്രിമാര്‍ക്ക് നേരെയും അത്തരം പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ അന്ന് ന്യായീകരിച്ച വ്യക്തി കൂടിയാണ് ഇന്ന് കേരളം ഭരിക്കുന്നത്.
താനൂര്‍ ബോട്ടപകടത്തിന് ഒത്താശ ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യൂത്ത് ലീഗ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസ് സ്വീകരിച്ച സമീപനം നോക്കൂ. എസ്‌കോര്‍ട്ട് വാഹനം കൊണ്ട് ഇടിച്ച് അവരെ അപായപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. പ്രതിഷേധക്കാര്‍ ആരും വാഹനത്തിന് മുമ്പിലേക്ക് ചാടിയിട്ടില്ല. റോഡ് സൈഡിലുള്ള അവര്‍ക്ക് നേരെ ഡ്രൈവര്‍ മനപൂര്‍വം വാഹനം ഓടിച്ച് കയറ്റാനാണ് ശ്രമിച്ചത്.
ഇത് ആരുടെ നിര്‍ദ്ദേശമാണ്? തനിക്ക് നേരെ കരിങ്കൊടി കാണിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലണമെന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണോ?