അഭിഭാഷകനോട് മോശമായി പെരുമാറിയ കേസ് പരിഗണിക്കവെ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ എന്നും കോടതി ചോദിച്ചു.
ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം.
അഭിഭാഷകനോ സാധാരണക്കാരനോ തെരുവില്‍ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനെയും മാനിക്കേണ്ടതുണ്ട്. താനിത് എത്ര തവണയായി ആവര്‍ത്തിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, എത്ര പറഞ്ഞാലും മനസിലാകില്ല എന്നാണോ എന്നും ചോദിച്ചു. ആലത്തൂര്‍ എസ്‌ഐ റിനീഷിന്റെ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചില്ല.
മോശമായി പെരുമാറിയില്ല എങ്കില്‍ മാപ്പ് പറയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. അഭിഭാഷകനോട് ഇങ്ങനെയെങ്കില്‍ സാധാരണക്കാരോട് എങ്ങനെ പെരുമാറും? ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.