കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ മുറിയിലേക്ക് കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് പി.കെ. ശ്രീമതി മറുപടി നല്‍കാഞ്ഞത്.
ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം നേതാക്കളുടെ കിടപ്പുമുറിയിലെത്തിയത്.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് വിവാദമായിരുന്നു. എന്നാല്‍ മുറിയില്‍ കയറാന്‍ വിസമ്മതിച്ചതോടെ അര മണിക്കൂറിനു ശേഷം വനിത ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.