വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് തലസ്ഥാനനഗരി സ്തംഭിച്ചതിന്, സമരക്കാരുമായി സംസാരിക്കില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയാണ് കുറ്റക്കാരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.അദാനിയെ പേടിച്ചിട്ടാണോ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാകാത്തത്? പുനരധിവാസം ആവശ്യപ്പെട്ടാണ് സമരം. ന്യായമായ സമരങ്ങളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. വിഴിഞ്ഞം വിഷയം പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചതാണ്.
പക്ഷെ സമരക്കാരുമായി സംസാരിക്കില്ലെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. അവരുമായി സംസാരിച്ചാല്‍ എന്താണ് ഊര്‍ന്ന് പോകുന്നത്? തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ തീരശോഷണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം. ഇവരുടെ പുനരധിവാസത്തിനായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 471 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നു. അതില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അദാനിക്കൊപ്പം നിന്ന് തുറമുഖ നിര്‍മ്മാണം കൊണ്ടല്ല തീരശോഷണം ഉണ്ടാകുന്നതെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമരത്തിന് യു.ഡി.എഫ് നേരത്തെ തന്നെ പിന്തുണ നല്‍കിയിട്ടുണ്ട്. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് കൊള്ളയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന അഴിമതി സംബന്ധിച്ച കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. ദുരന്തനിവാരണ നിയമം അനുസരിച്ച് തോന്നിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാനാകുമെന്ന വാദമാണ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നടപടിയെന്നാണ് സര്‍ക്കാരിന്റെ ഈ വാദത്തോട് ലോകായുക്ത പ്രതികരിച്ചത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന തരത്തിലുള്ള അഴിമതിയാണ് കോവിഡ് കാലത്ത് നടത്തിയത്. അത് മൂടി വയ്ക്കാനുള്ള ശ്രമവും നടത്തി. അഴിമതി സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും അദ്ദേഹം സൂചിപ്പിച്ചു.