സുഫ്‌യാന്‍ അബ്ദുസ്സലാം
തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌വേണ്ടി ആവിഷ്‌കരിച്ച പത്ത് ശതമാനം സാമ്പത്തിക സംവരണം സുപ്രീംകോടതി ശരിവെച്ചത് നിയമഭരണഘടനാമേഖലകളില്‍ പുതിയ സംവാദങ്ങള്‍ക്ക് തുടക്കംകുറിക്കും. അഞ്ചംഗ ബെഞ്ചിലെ രണ്ട് പേരുടെ എതിര്‍പ്പോടെ മൂന്ന് പേരുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പരമോന്നത കോടതിയുടെ വിധിപ്രഖ്യാപനം. ഭരണഘടനാപരമാണ് സാമ്പത്തിക സംവരണം എന്നാണ് മൂന്ന് ജഡ്ജിമാരുടെയും കണ്ടെത്തല്‍. എന്നാല്‍ പിന്നാക്കക്കാരില്‍ നിന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മാറ്റിനിര്‍ത്തുന്നത് ഭരണഘടനക്ക് വിരുദ്ധമാണ് എന്നാണ് ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെയും ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെയും വിധിയില്‍ പറയുന്നത്.
2019 ജനുവരി 8, 9, 10 തിയ്യതികളില്‍ പാര്‍ലമെന്റ് പാസാക്കിയ 103 ാം ഭരണഘടനാ ഭേദഗതി ബില്ലിലൂടെയാണ് മുന്നാക്കക്കാര്‍ക്ക്‌വേണ്ടി സാമ്പത്തിക സംവരണം ആവിഷ്‌കരിക്കപ്പെടുന്നത്. ഇതിനായി ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്തു. പിന്നാക്ക വിഭാഗങ്ങള്‍ ഇത്രയും കാലം അനുഭവിച്ചുവന്ന സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത് 15, 16 അനുച്ഛേദങ്ങളുടെ 4, 5 വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്. പുതിയ ഭേദഗതിയില്‍ ആറാമതൊരു വകുപ്പ് ചേര്‍ത്തുകൊണ്ട് മുന്നാക്കക്കാരിലെ മാത്രം സാമ്പത്തിക ദുര്‍ബലത അനുഭവിക്കുന്നവര്‍ക്ക് സംവരണം വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഭേദഗതിയില്‍ മുന്നാക്കക്കാര്‍ എന്ന് പ്രത്യേകം പരാമര്‍ശിക്കാതെ 4, 5 വകുപ്പുകളില്‍ പരാമര്‍ശിക്കപ്പെടാത്ത വിഭാഗങ്ങള്‍ എന്ന് മാത്രമാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഭേദഗതിക്ക്‌ശേഷം ഈ അനുച്ഛേദങ്ങള്‍ വായിക്കുമ്പോള്‍ മുന്നാക്കക്കാരുടെ സംവരണം പത്ത് ശതമാനം എന്ന് ക്ലിപ്തപ്പെടുത്തുകയും മറ്റുള്ളവരുടേത് ക്ലിപ്തപ്പെടുത്താതിരിക്കുകയും ചെയ്തിരിക്കുന്നതായും കാണാം. ഇത് ഭാവിയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ വരുത്തിവെക്കാന്‍ സാധ്യതയുണ്ട്.
സംവരണം എന്ന ആശയത്തിനുമേല്‍ കത്തിവെക്കുക മാത്രമാണ് സാമ്പത്തിക സംവരണം ലക്ഷ്യമാക്കുന്നത്. രാജ്യം സ്വതന്ത്രമായി 75 സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗ മേഖലകളില്‍ അവരുടെ പ്രാതിനിധ്യം ഇപ്പോഴും വേണ്ടത്ര ആയിട്ടില്ല. സാമുദായിക സംവരണത്തിനെതിരെ തുടക്കം മുതല്‍ ഗൂഢമായി പ്രവര്‍ത്തിച്ച ശക്തികള്‍ക്ക് അതിനെ ഇല്ലാതാക്കാനുള്ള അവസരങ്ങള്‍ കൈവന്നിരിക്കുകയാണ്. സംവരണത്തെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തുന്നതിലൂടെ സാമുദായിക സംവരണം എന്ന ആശയത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് അവര്‍ പണ്ടേ കരുതിവന്നത്. സാമ്പത്തിക ദുര്‍ബലാവസ്ഥക്ക് പരിഹാരം കാണാന്‍ പ്രത്യേകം പാക്കേജുകള്‍ കൊണ്ടുവരികയാണ് വേണ്ടത്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ തന്നെ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്. സാമ്പത്തിക സംവരണത്തിലൂടെ സാമ്പത്തിക ദുര്‍ബലാവസ്ഥ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ക്ക്തന്നെ അറിയാം. പക്ഷേ അവര്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം തകര്‍ക്കുക എന്നത് മാത്രമാണ്.
ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് 1948 നവംബര്‍ 30 ന് കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെയാണ് സംവരണം, പിന്നാക്കം തുടങ്ങിയ പദങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കപ്പെടുകയും ഭരണഘടനയുടെ അനുച്ഛേദങ്ങളില്‍ അത് സ്ഥാനം പിടിക്കുകയും ചെയ്തത്. പട്ടിക വിഭാഗങ്ങള്‍ക്ക്പുറമെ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിംകള്‍ക്കും എല്ലാ മേഖലകളിലും മതിയായ പ്രാതിനിധ്യം ഉറപ്പ്‌വരുത്തുംവിധം ഭരണഘടനയിലെ മൗലികാവകാശ വകുപ്പുകളില്‍തന്നെ വിഷയം ഉള്‍ക്കൊള്ളിക്കണമെന്നും സംവരണം, പിന്നാക്കാവസ്ഥ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ ആ അര്‍ത്ഥപരിധിയില്‍ മുസ്‌ലിംകളും ഉള്‍പ്പെടുമെന്ന് സംശയാതീതമാംവിധം വ്യക്തമാക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു.
പ്രസ്തുത പ്രസംഗമാണ് സാമുദായിക സംവരണത്തിന് വ്യക്തത ഉണ്ടാക്കിക്കൊടുത്തത്. അതുകൊണ്ടാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ എല്ലാവരും മൗനികളായപ്പോള്‍ ഖാഇദേമില്ലത്തിന്റെ പിന്മുറക്കാരായ മുസ്‌ലിംലീഗ് അംഗങ്ങള്‍മാത്രം പാര്‍ലമെന്റില്‍ അതിശക്തമായി ബില്ലിനെതിരെ രംഗത്ത്‌വന്നത്. മുസ്‌ലിംലീഗിന്റെ മൂന്ന് വോട്ടാണ് 103ാം ഭേദഗതിക്കെതിരെ ചരിത്രത്തില്‍ ഇടം പിടിച്ചത്. മുസ്‌ലിംലീഗ് അതിന്റെ ദൗത്യം നിര്‍വഹിച്ചു. ന്യൂനപക്ഷ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ ജനപ്രതിനിധികള്‍ വിവിധ പാര്‍ട്ടികളില്‍ അംഗങ്ങളായത്‌കൊണ്ട് പാര്‍ലമെന്റില്‍ അവര്‍ക്ക് പോലും അതിനെതിരെ ശബ്ദിക്കാനായില്ല. രാജ്യത്തെ സാമുദായിക സംവരണത്തിന്റെ ആനുകൂല്യം അനുഭവിക്കുന്ന മുഴുവന്‍ വിഭാഗങ്ങള്‍ക്ക് വേണ്ടിയും രേഖപ്പെടുത്തപ്പെട്ട വോട്ടുകളായിരുന്നു അത്. മുസ്‌ലിംലീഗിന്റെ മൂന്ന് വോട്ടുകളെ പ്രധാനമന്ത്രി പൊതുവേദികളില്‍ പരിഹസിച്ചു. എന്നാല്‍ പിന്നീട് സുപ്രീംകോടതിയില്‍ ഈ ഭേദഗതിക്കെതിരെ വന്നത് പരാതികളുടെ കൂമ്പാരങ്ങളായിരുന്നു. മുസ്‌ലിംലീഗ് മാത്രമല്ല, പിന്നാക്ക വിഭാഗങ്ങള്‍ ഭേദഗതിക്കെതിരെ രംഗത്തുണ്ട് എന്ന് നിയമപോരാട്ടത്തിലൂടെ വ്യക്തമായി.
ബില്‍ പാര്‍ലമെന്റ് പാസാക്കി മണിക്കൂറുകള്‍ക്കകം യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. സംവരണത്തിന് സാമ്പത്തിക ഘടകങ്ങളെ ഭരണഘടന അടിസ്ഥാനമാക്കിയിട്ടില്ല എന്നതിനാല്‍ പുതിയ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. സംവരണത്തിന്റെ പരമാവധി ക്വാട്ട 50 ശതമാനം ആണെന്ന് സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ് പുതിയ 10 ശതമാനം സംവരണമെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കി. ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ വന്ന നിരവധി പരാതികളില്‍ 39 എണ്ണം കോടതി പരിഗണിച്ചു. കഴിഞ്ഞ സെപ്തംബര്‍ 13 മുതല്‍ ഏഴു ദിവസങ്ങളായി നീണ്ട ശക്തമായ വാദപ്രതിവാദങ്ങളില്‍ അഭിഭാഷകര്‍ മാത്രമല്ല നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ പ്രൊഫ. ജി മോഹന്‍ ഗോപാല്‍, മുന്‍ കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ പ്രൊഫ. രവി വര്‍മ്മ കുമാര്‍ തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെടുന്ന നിയമപണ്ഡിതര്‍ അടക്കമുള്ളവരും സാമ്പത്തിക സംവരണത്തിന്റെ നിരര്‍ത്ഥകതയെ തുറന്നുകാട്ടി അഞ്ചംഗ ബെഞ്ചിന് മുമ്പാകെ വാദങ്ങള്‍ നിരത്തിയിരുന്നു.
പാര്‍ലമെന്റ് മഹാഭൂരിപക്ഷത്തിന് പാസാക്കുകയും ചരിത്രത്തില്‍ ഇടം പിടിച്ച നടപടിയെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും ചെയ്ത ഈ അവിശുദ്ധ ഭേദഗതി സാങ്കേതികമായി സുപ്രീംകോടതി ശരിവെച്ചു എന്ന് പറയാമെങ്കിലും അതിശക്തമായ തിരിച്ചടിയാണ് സര്‍ക്കാരിനും ഭേദഗതിക്ക് അനുകൂലമായി വോട്ടുചെയ്തവര്‍ക്കും കിട്ടിയിരിക്കുന്നത്. കാരണം നൂറു ശതമാനത്തോളം പാര്‍ലമെന്റില്‍ വിജയം നേടിയ ഭേദഗതിക്ക് കോടതി 60 ശതമാനം വിജയം മാത്രമാണ് നല്‍കിയത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല ത്രിവേദി, ജെ.ബി പര്‍ഡിവാല എന്നിവര്‍ ഭേദഗതിയെ അനുകൂലിച്ചെങ്കിലും ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ ശക്തമായി വിയോജിക്കുകയാണുണ്ടായത്. മാത്രമല്ല, അവര്‍ പറഞ്ഞത് ഈ ഭേദഗതി പിന്നാക്കക്കാരിലെ സാമ്പത്തിക ദുര്‍ബലാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടിയാണെന്നാണ്. ചീഫ് ജസ്റ്റിസ് പോലും ഈ വിധി പ്രസ്താവിച്ചുവെങ്കില്‍ അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്. മുസ്‌ലിംലീഗ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ശബ്ദത്തിന്റെ വീര്യം രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളും ജനാധിപത്യ സമൂഹങ്ങളും നിയമപണ്ഡിതരും ഏറ്റെടുത്തിരിക്കുന്നു എന്നതാണ് പുതിയ വിധി വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ സാമ്പത്തിക സംവരണമെന്ന ആശയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നതോടൊപ്പം പുതിയ വിധിക്കെതിരെ സാധ്യമായ നിയമപോരാട്ടങ്ങള്‍ നടത്താനും സാമുദായിക സംവരാണുനുകൂല പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്.