കോണ്‍ഗ്രസ് നോതാവ് ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലവുമായി രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ബലപ്പെടുന്നു. അനില്‍ ആന്റണിയെ ബി.ജെ.പി പുതുപ്പള്ളിയില്‍ രംഗത്തിറങ്ങുമെന്നതാണ് പുതിയ വാര്‍ത്ത. അതിന് ശക്തി പകരുന്ന വിധം ചില സി.പി.എം നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും അപ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ മണ്ഡലത്തില്‍ 11,000ത്തിലധികം വോട്ട് നേടിയിരുന്നു. അനില്‍ വന്നാല്‍ അതില്‍ കൂടുതല്‍ വോട്ട് എന്നതാണ് ബി.ജെ.പി ലക്ഷ്യം. വരുംദിവസങ്ങളില്‍ പുതുപ്പള്ളി കടുത്ത രാഷ്ട്രീയ ചൂടിലേക്കാണെന്നതിന്റെ സൂചനകളായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ സംഘടനാപരമായ ഒരുക്കങ്ങളിലേക്കും കോണ്‍ഗ്രസ് കടന്നിട്ടുണ്ട്.
ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫിനുമാണ് തെരഞ്ഞെടുപ്പ് ചുമതല. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന നാല്‍പതാം നാളിനുശേഷം പരസ്യപ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. അതേസമയം, മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ ആറെണ്ണവും എല്‍.ഡി.എഫാണ് ഭരിക്കുന്നത്. ആ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.