മുക്കം: പുല്ലൂരാംപാറ ഉരുള്‍പൊട്ടലിന്റെയും ചരിത്രത്തിലില്ലാത്ത പ്രളയ ദുരന്തത്തിന്റെയും ഓര്‍മ്മയില്‍ മലയോര മേഖല ഭീതിയുടെ നിഴലില്‍.
ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയും ഇന്നലെ വൈകീട്ടും ഇരുവഴിഞ്ഞിപ്പുഴയില്‍ വെള്ളം കൂടിക്കൊണ്ടിരുന്നതുമാണ് ജില്ലയുടെ കിഴക്കന്‍ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 6 ന് രാത്രി തുടങ്ങിയ ശക്തമായ മഴയാണ് വര്‍ഷം പിന്നിട്ടിട്ടും കരകയറാനാകാത്ത പ്രളയ ദുരന്തത്തില്‍ അവസാനിച്ചത്.
ഇതിനു സമാനമായ രീതിയിലാണ് ഇന്നലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത്.
2012 ഓഗസ്റ്റ് 6 നാണ് പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ഉണ്ടായതും. അത് കൊണ്ട് തന്നെ ഈ ആഗസ്റ്റ് 6 ന്റെ ഭീതി മലയോര മേഖലയില്‍ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം കാരശ്ശേരി കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ മാത്രം 30 ഓളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്പാടി, കൂടരഞ്ഞി ,മാവൂര്‍, പെരുവയല്‍ പഞ്ചായത്തുകളില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശ നഷ്ടങ്ങളും ഉണ്ടായിരുന്നു.
ഈവര്‍ഷം ഉണ്ടായതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ചാലിയാര്‍, ഇരുവഴിഞ്ഞി പുഴയോര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. മലയോരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഇന്നലെ വെള്ളം കയറി തുടങ്ങി.