കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജര്‍ഗ്രാം ജില്ലയില്‍ പിടിയാന രണ്ടുപേരെ ചവിട്ടിക്കൊന്നു. കുട്ടിയാന ചെരിഞ്ഞതിനു പിന്നാലെയാണ് പ്രകോപിതയായ അമ്മയാന പരാക്രമം പുറത്തെടുത്തത്. നയാഗ്രാം ചന്ദാബില വനമേഖലയിലാണ് സംഭവം. ദെല്‍ബൂര്‍ സ്വദേശി ആനന്ദ ജന (60), ബിരിബാരിയ സ്വദേശി സശാദര്‍ മഹാത്ത (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ചന്ദാബില വനമേഖലയിലെ പ്രസിദ്ധമായ രാമേശ്വര്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിയാന ചെരിഞ്ഞതിനു പിന്നാലെ പിടിയാന റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിക്കുകയും ആള്‍കൂട്ടത്തേയും വാഹനങ്ങളേയും ആക്രമിക്കുകയായിരുന്നു. ആളില്ലാത്ത ഒരു ബസും ഒരു മോട്ടോര്‍ സൈക്കിളും ചില വീടുകളും തകര്‍ത്ത ആന തുടര്‍ന്നാണ് ആള്‍കൂട്ടത്തിനു നേരെ പാഞ്ഞടുത്തത്. ചിലര്‍ ഓടി രക്ഷപ്പെട്ടെങ്കിലും നിലത്തുവീണ സശാദറിനേയും ആനന്ദ ജനയേയും ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ചെരിഞ്ഞ കുട്ടിയാനക്കൊപ്പം നിലയുറപ്പിച്ച അമ്മയാനയെ അകറ്റാന്‍ ശ്രമിച്ചതാണ് പ്രകോപന മെന്ന് ഡി.എഫ്.ഒ ശിവാനന്ദ റാം പറഞ്ഞു.