X

നീറ്റ് പരീക്ഷാ ഫലങ്ങളിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകി എം.എസ്.എഫ്

നീറ്റ് പരീക്ഷാ ഫലങ്ങളിലെ ക്രമക്കേട് നടന്നുവെന്ന വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വിദഗ്ധരും ഉന്നയിച്ച പരാതിയില്‍ എന്‍.ടി.എ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് രാഷ്ട്രപതിക്ക് കത്ത് നല്‍കി.

നീറ്റ് പരീക്ഷയുടെ നിലവാരത്തെയും സുതാര്യതയെയും ചോദ്യം ചെയ്യുന്ന തരത്തിലാണ് ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് എന്‍.ടി.എ ഇതുവരെ തൃപ്തികരമായ മറുപടി നല്‍കിട്ടില്ല.

180 ചോദ്യങ്ങളടങ്ങുന്ന നീറ്റ് പരീക്ഷയില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയുത്തരമെഴുതുന്ന പരീക്ഷാര്‍ത്ഥിക്ക്, ഒരു ചോദ്യത്തിന് 4 മാര്‍ക്ക് എന്ന രീതിയില്‍ ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 720 മാര്‍ക്കാണ്. ഒരു ചോദ്യം പരീക്ഷാര്‍ത്ഥി ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 എന്നതാകും.

ഒരു ചോദ്യത്തിന് തെറ്റ് ഉത്തരമാണ് എഴുതുന്നതെങ്കില്‍, നെഗറ്റീവ് മാര്‍ക്കു കൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. എന്നാല്‍ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാല്‍ 719, 718 അടക്കമുള്ള വിചിത്രമായ മാര്‍ക്കുകള്‍ കാണാം. ഇതാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംശയത്തിലാക്കുന്നത്.

ഗ്രേസ് മാര്‍ക്ക് നല്‍കിയതാണെന്നാണ് എന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശദീകരണം അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെ ഒരു ഗ്രേസ് മാര്‍ക്ക് ഇതുവരെ നീറ്റ് എക്‌സാമിനേഷന് നല്‍കിട്ടില്ല. ഇത് വലിയ വീഴ്ചയാണ്. വിദ്യാര്‍ത്ഥികളുടെ മനോവീര്യവും നീറ്റ് പരീക്ഷയുടെ സുതാര്യതയും നഷിപ്പിക്കുന്ന വിധത്തിലാണ് പരീക്ഷാ ഫലത്തെ ഏജന്‍സി കൈകാര്യം ചെയ്തിട്ടുള്ളത് എന്ന ആക്ഷേപമാണ് ഉയരുന്നത്.

ഏറെ പ്രതീക്ഷയോടെയും വലിയ തയ്യറെടുപ്പുകള്‍ നടത്തിയും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷയാണ് നീറ്റ് പരീക്ഷ. അതിന്റെ സുതാര്യത സംശയിക്കുന്ന വിധത്തിലുള്ള ഇടപെടല്‍ ശരിയല്ല. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്ന് എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.

webdesk13: