ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയുടെ പ്രജാ (പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് മണിപ്പൂരിന്റെ ഉരുക്കുവനിത പ്രജാ പാര്‍ട്ടി രൂപീകരിച്ചത്. വനിതാ സംവരണം, അഴിമതി തടയാന്‍ ലോകായുക്ത തുടങ്ങിയവയാണ് പ്രജാ പാര്‍ട്ടിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. ‘അഫ്‌സ്പക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം റദ്ദാക്കി മണിപ്പൂരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണം. സംസ്ഥാനത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അഴിമതി. അതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ഇതിന് ലോകായുക്ത കൊണ്ടുവരണമെന്നതും പാര്‍ട്ടിയുടെ വാഗ്ദാനമാണ്’- പ്രജാ പാര്‍ട്ടി കണ്‍വീനര്‍ എറന്‍ഡ്രോം ലീച്ചോന്‍ബാം പ്രതികരിച്ചു. മാര്‍ച്ച് നാലിനും എട്ടിനുമായി രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2022ലെ നിയസമഭാ തെരഞ്ഞെടുപ്പില്‍ പ്രജാപാര്‍ട്ടിക്ക് ഇത് ഗുണം ചെയ്യുമെന്ന് കണ്‍വീനര്‍ പറഞ്ഞു.